മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെള്ളക്കെട്ട്; വലഞ്ഞ് രോഗികൾ

കോട്ടയം:ഇന്ന് ഉച്ച കഴിഞ്ഞ് പെയ്ത മഴയിൽ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെള്ളക്കെട്ട്. ആശുപതിയുടെ ഒപി വിഭാഗത്തിലാണ് വെള്ളം കയറിയിരിക്കുന്നത്. വെള്ളക്കെട്ട് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരിക്കുകയാണ്. മുട്ടറ്റം വെള്ളം ഉണ്ടായിരുന്നതായാണ് വിവരം. ഒപി വിഭാഗം ആയത്കൊണ്ട് ആശുപത്രിയിൽ എത്തുന്ന എല്ലാവരും ഇവിടം കടന്നു പോകാനെ വഴിയുള്ളു.

ആശുപത്രിയിലെ ഈ ദുരവസ്ഥയ്‌ക്കെതിരെ പ്രാദേശിക നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മെഡിക്കൽ കോളജ് ആയതുകൊണ്ട് തന്നെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടത്ത് വളരെ അത്യാവശ്യമാണ്. സംഭവത്തിൽ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉടൻ ഇടപെടുകയും വേണ്ട നടപടി എടുക്കണമെന്നുമുള്ള ആവശ്യവും ഉയരുന്നുണ്ട്.

ആശുപത്രി പരിസരം വെള്ളവും ചെളിയും മണ്ണും നിറഞ്ഞ അവസ്ഥയിലാണുള്ളത്. ആശുപത്രിയ്ക്ക് അടുത്തുള്ള ഓടയിൽ വെള്ളം താഴാത്തതാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. അടിയന്തരമായ ഇടപെടൽ പ്രശ്നത്തിൽ ഉണ്ടാകണമെന്നാണ് അധികൃതരുടേയും ആവശ്യം.