ഇന്ത്യൻ പ്രതിരോധ മിസൈൽ പരീക്ഷണത്തിൽ വിറച്ച് വീണ്ടും ചാരക്കപ്പലയച്ച് ചൈന

ന്യൂഡൽഹി. ഇന്ത്യയുടെ മിസൈൽ പരീക്ഷണങ്ങളിൽ ചൈന കിടുങ്ങി വിറക്കുകയാണ്. ഇന്ത്യയുടെ മിസൈൽ പരീക്ഷണത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ പരിഭ്രാന്തരായി ചൈന ചാരക്കപ്പൽ അയച്ചിരിക്കുകയാണ്. ചൈനീസ് ചാരക്കപ്പലായ യുവാൻ വാംഗ് 6 ഇന്ത്യൻ മഹാസമുദ്രത്തിലൂടെ സഞ്ചരിച്ച് നിരീക്ഷണം നടത്തുകയാണെന്നാണ് റിപ്പോർട്ട്. നിലിവിൽ ഈ കപ്പൽ ബാലി തീരത്തിലാണ് നിലകൊള്ളുന്നത്.

ചൈനയുടെ യുവാൻ വാംഗ് 6 എന്ന കപ്പൽ മിസൈൽ പരീക്ഷണങ്ങളും ഉപഗ്രഹങ്ങളുടെ ചലനവും നിരീക്ഷിക്കാൻ തക്കവണ്ണം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് . ഇന്ത്യൻ മഹാസമുദ്രത്തിലെ കടലിടുക്കുകളുടെ ദൂരപരിധിയും ആഴവും അളക്കാൻ ചാരക്കപ്പലിന്റെ മാപ്പിങ്ങിലൂടെ കഴിയും. ഇതിലൂടെ ചൈനീസ് അന്തർവാഹിനികൾക്ക് സമുദ്രത്തിന്റെ അടിത്തട്ടിലെ സാഹചര്യത്തെ കുറിച്ച് പഠിക്കാനാകും. നവംബർ 10 നോ 11 നോ ഒഡീഷ തീരത്തുള്ള അബ്ദുൾ കലാം ദ്വീപിൽ നിന്ന് ഒരു മിസൈൽ പരീക്ഷണം നടത്തുന്നുണ്ടെന്ന് ഇന്ത്യ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് യുവാൻ വാംഗ് 6 ഇന്ത്യൻ മഹാസമദ്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ശ്രീലങ്കയ്‌ക്കും ഇന്തോനേഷ്യയ്‌ക്കും ഇടയിലുള്ള പ്രദേശത്തിൽ മിസൈൽ പരീക്ഷണം നടക്കുകയെന്നാണ് ഇന്ത്യ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
എന്നാൽ ഇതിന് പിന്നാലെ ചാരക്കപ്പലെത്തിയത് അതീവ സുരക്ഷാ പ്രാധാന്യമുള്ള ഇന്ത്യയുടെ മിസൈൽ, ബഹിരാകാശ, ആണവ നിലയകേന്ദ്രങ്ങളിലെ നിർണ്ണായക സിഗ്നലുകൾ എന്നിവ ചോർത്താനാണോ എന്ന സംശയം ബലപ്പെടുകയാണ്.

കഴിഞ്ഞ ഓഗസ്റ്റിൽ ചൈനയുടെ തന്നെ ചാരക്കപ്പലായ യുവാൻ വാംഗ് 5ന് ശ്രീലങ്കയുടെ തീരത്ത് നങ്കൂരമിടാനും ഹംബൻടോട്ട തുറമുഖത്ത് പ്രവേശിക്കാനും അനുമതി നൽകിയത് വലിയ വിവാദമായിരുന്നു. കേന്ദ്രസർക്കാർ ഉന്നയിച്ച ആശങ്കകൾ വകവയ്‌ക്കാതെയായിരുന്നു ശ്രീലങ്കയുടെ നടപടി ഉണ്ടായത്. ശ്രീലങ്കയിൽ ഇന്ധനം നിറയ്‌ക്കാനെന്ന പേരിൽ വരുന്ന ചൈനീസ് ചാരക്കപ്പൽ സൈനിക രഹസ്യങ്ങൾ ഉൾപ്പടെ ചോർത്താനാണ് ശ്രമിക്കുന്നതെന്നാണ് ഇന്ത്യ ആരോപിച്ചിരുന്നത്.