മനുഷ്യബലി: മുഖ്യപ്രതി സി പി എം അനുഭാവി -കെ സുരേന്ദ്രൻ

കൊച്ചി. ലോട്ടറി കച്ചവടക്കാരായ രണ്ട് സ്ത്രീകളെ മനുഷ്യബലി കൊടുത്ത സംഭവത്തിനു പിന്നിലെ മതഭീകരവാദ ശക്തികളെക്കുറിച്ച് അന്വേഷിക്കണമെന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രധാനപ്രതി സി.പി.എം പ്രാദേശിക നേതാവാണ്. ഇതിന് പിന്നിലെ മതഭീകരവാദ ശക്തികളെക്കുറിച്ച് അന്വേഷിക്കണം. ആസൂത്രണം ചെയ്ത രീതി രാഷ്‌ട്രീയവും മത ഭീകരവാദവുമായ ബന്ധം ഉണ്ടാക്കുന്നുവെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി.

സിപിഎം പ്രാദേശിക നേതാവായ പ്രധാനപ്രതി കർഷക സംഘത്തിന്റെ ഭാരവാഹി ആണെന്നും അതുകൊണ്ട് കേസ് ഇല്ലാതായി പോകരുതെന്നും സുരേന്ദ്രൻ കോട്ടയത്ത്‌ ആവശ്യപ്പെട്ടു. ലോകത്തിന് മുന്നിൽ നാടിന്റെ പ്രതിച്ഛായ നഷ്ടപ്പെട്ടുവെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

ലോട്ടറി കച്ചവടക്കാരായ രണ്ട് സ്ത്രീകളെ മനുഷ്യബലി കൊടുത്ത സംഭവം ഞെട്ടിപ്പിക്കുന്നു. ചൊവ്വാഴ്ച രാവിലെയാണ് കേരളത്തെ ഞെട്ടിച്ച് കൊണ്ട് മനുഷ്യബലിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വരുന്നത്. ഇലന്തൂരിൽ താമസിക്കുന്ന ദമ്പതിമാരായ ഭഗവൽ സിംഗും ലൈലയും പെരുമ്പാവൂർ സ്വദേശിയായ ഏജന്റ് മുഹമ്മദ് ഷാഫിയുമാണ് മനുഷ്യബലിയ്‌ക്ക് പിന്നിൽ. കടവന്ത്ര സ്വദേശിയായ പത്മ,തമിഴ്‌നാട് സ്വദേശിയായ റോസ്ലി എന്നിവരെയാണ് തലയറുത്ത് കൊലപ്പെടുത്തിയത്.

ഫേസ്ബുക്കിലെ വ്യാജ പ്രൊഫൈലിലൂടെയാണ് ഏജന്റ് ദമ്പതിമാരെ പരിചയപ്പെടുകയും തുടർന്ന് മനുഷ്യബലിയ്‌ക്ക് പ്രേരിപ്പിക്കുകയുമായിരുന്നു. മനുഷ്യബലി നടത്തിയാൽ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുമെന്ന് ഏജന്റ് പറഞ്ഞു വിശ്വസിപ്പിച്ചു. ഇടതുപക്ഷ അനുഭാവികളായ ദമ്പതിമാർ മനുഷ്യബലിയ്‌ക്ക് തുനിഞ്ഞിറങ്ങി. പത്തനംതിട്ടയിൽ വെച്ചാണ് മനുഷ്യബലി നടത്തിയിരിക്കുന്നത്.

സെപ്തംബർ 27 ന് കടവന്ത്ര സ്വദേശിയായ സ്ത്രീയെ കാണാനില്ലെന്ന പരാതിയിൽ തുടങ്ങിയ അന്വേഷണമാണ് മനുഷ്യബലിയിലേക്ക് എത്തുന്നത്. ഇവരുടെ മൊബൈൽ ടവർ ലൊക്കേഷൻ അന്വേഷിച്ച് പോയ പോലീസ് തിരുവല്ലയിലെത്തി. വിശദമായ അന്വേഷണത്തിൽ പെരുമ്പാവൂർ സ്വദേശിയും പിന്നാലെ തിരുവല്ലക്കാരായ ദമ്പതികളും പോലീസിന്റെ പിടിയിലാവുക യാണ് ഉണ്ടായത്.