അച്ഛനെന്ന നിലയില്‍ ഇതെനിക്ക് അഭിമാന നിമിഷം: കാളിദാസിന്റെ പുരസ്കാരവുമായി ജയറാം

അച്ഛനമ്മമാരുടെ വഴിയെ അഭിനയത്തിലേക്ക് എത്തിയ നടനാണ് കാളിദാസ് ജയറാം. അച്ഛനെന്ന നിലയില്‍ തനിക്ക് കാളിദാസ് സമ്മാനിച്ച ഒരു അഭിമാന നിമിഷത്തെ കുറിച്ച്‌ സംസാരിക്കുകയാണ് ജയറാം ഇപ്പോള്‍.

കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ വച്ച്‌ നടന്ന സൈമ അവാര്‍ഡ്സില്‍ മികച്ച നടനുള്ള (സപ്പോര്‍ട്ടിംഗ് റോള്‍) പുരസ്കാരം കാളിദാസ് നേടിയിരുന്നു. പാവൈകഥകളിലെ അഭിനയത്തിനാണ് കാളിദാസിനെ പുരസ്കാരം തേടിയെത്തിയത്. മകനു വേണ്ടി പുരസ്കാരം ഏറ്റുവാങ്ങിയ സന്തോഷം പങ്കുവയ്ക്കുകയാണ് ജയറാം ഇപ്പോള്‍. “അച്ഛനെന്ന നിലയില്‍ ഇതെനിക്ക് അഭിമാനനിമിഷം,” എന്നാണ് ജയറാം കുറിക്കുന്നത്.

കഴിഞ്ഞ ദിവസം മികച്ച നടനുള്ള ബിഹൈന്‍ഡ് വുഡ് ഗോള്‍ഡ് ഐക്കണ്‍സ് അവാര്‍ഡും കാളിദാസിനെ തേടിയെത്തിയിരുന്നു. ശ്രദ്ധേയമായ അഭിനയമാണ് പാവൈകഥകളില്‍ കാളിദാസ് കാഴ്ച വച്ചത്. പാവൈകഥകള്‍ റിലീസ് ചെയ്തപ്പോള്‍ തന്നെ കാളിദാസിന്റെ കഥാപാത്രം ഏറെ ചര്‍ച്ചയാവുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു.

ബാലതാരമായാണ് കാളിദാസ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. കുട്ടിക്കാലത്തു തന്നെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരം കാളിദാസ് സ്വന്തമാക്കി. വര്‍ഷങ്ങള്‍ക്കു ശേഷം കാളിദാസ് നായകനായി അരങ്ങേറ്റം കുറിച്ചത് ‘പൂമരം’ എന്ന ചിത്രത്തിലൂടെയായിരുന്നു. തുടര്‍ന്ന് മലയാളത്തില്‍ ഏതാനും ചിത്രങ്ങള്‍ ചെയ്തെങ്കിലും അതൊന്നും വേണ്ടത്ര ശ്രദ്ധ നേടിയിരുന്നില്ല.

ലോക്ക്ഡൗണ്‍ സമയത്ത് ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്ത പുത്തം പുതു കാലം, പാവൈ കഥകള്‍ എന്നീ ആന്തോളജി ചിത്രങ്ങളാണ് അടുത്തകാലത്ത് കാളിദാസിലെ അഭിനയമികവ് പ്രകടമാക്കിയ സിനിമകള്‍. കാളിദാസിന്റെ കരിയറിനു തന്നെ ഒരു ബ്രേക്ക് സമ്മാനിച്ചിരിക്കുകയാണ് ഈ സിനിമയിലെ കഥാപാത്രങ്ങള്‍.