സലീമേട്ടന്റെ കൂടെ അഭിനയിച്ചത് കൊണ്ടാണ് താന്‍ ശ്രദ്ധിക്കപ്പെട്ടത്; അദ്ദേഹമൊരു ലെജന്‍ഡ് ആണ്; വിഷ്ണു ഉണ്ണികൃഷ്ണന്‍

പ്രേഷകരുടെ പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തുമാണ് വിഷ്ണു ഉണ്ണിക്കൃഷ്ണന്‍. ബാലതാരമായി ചെറിയ വേഷങ്ങളിലൂടെയാണ് വിഷ്ണു സിനിമയിലേക്കെത്തുന്നത്. ഇപ്പോഴിതാ നടന്‍ സലിം കുമാറിനെ കുറിച്ച്‌ വിഷ്ണു പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

എനിക്ക് വളരേക്കാലം മുതല്‍ തന്നെ സലീമേട്ടനെ അറിയാം. എന്റെ ആദ്യ സിനിമ എന്റെ വീട് അപ്പൂന്റേം ആണ്. സലീമേട്ടനെ മൂങ്ങാ ചേട്ടാ എന്ന് വിളിക്കുന്ന രം​ഗമാണ് ആദ്യത്തേത്. തന്റെ ആദ്യ സിനിമ മുതല്‍ സലിം കുമാറിനൊപ്പമുള്ള കോമ്ബിനേഷനുകളിലാണ് അഭിനയിച്ചു വന്നിരുന്നതെന്നും. അതുകൊണ്ട് തന്നെയാണ് താന്‍ തുടക്കം മുതലേ ശ്രദ്ധിക്കപ്പെട്ടതെന്നും വിഷ്ണു ഉണ്ണികൃഷ്ണന്‍ പറയുന്നു.

തന്റെ എല്ലാ തിരക്കഥ എഴുതുമ്ബോഴും സലിം കുമാറിന് ഒരു വേഷം ഉണ്ടാവും എന്നും വിഷ്ണു പറഞ്ഞു. ‘സത്യത്തില്‍ സലീമേട്ടന്‍ ഒരു ലെജന്‍ഡാണ്. ഒരിക്കലും മടുക്കില്ല. കുതിരവട്ടം പപ്പുവിനെ പോലെയൊക്കെ. ഞങ്ങളുടെ ആദ്യ തിരക്കഥ മുതല്‍ സലീമേട്ടന്‍ ഇല്ലാതെ ഒന്നും എഴുതിയിട്ടില്ല.

പിന്നെ എന്നെ ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയത് മായാവി എന്ന സിനിമയിലാണ്. ഒറ്റ സീനേ ഉണ്ടായിരുന്നുള്ളൂ ആ സിനിമയില്‍. അത് സലീമേട്ടനെ ചീത്ത വിളിക്കുന്നതായിട്ടായിരുന്നു. പിന്നെ രാപ്പകല്‍ എന്ന സിനിമയില്‍ ഉണ്ടായിരുന്നതും സലീമേട്ടനോടൊപ്പമുള്ള രം​ഗമായിരുന്നു. ആനവാല്‍ ചോദിക്കുന്ന സീന്‍.

തന്റെ തുടക്കസമയത്ത് വര്‍ഷത്തിലൊരിക്കല്‍ ഒരു സീന്‍ അല്ലെങ്കില്‍ ഒരു ഷോട്ട് ഒക്കെയാണ് കിട്ടാറുണ്ടായിരുന്നത്. അതെല്ലാം സലീമേട്ടന്റെ കൂടെ ആയിരുന്നു എന്നുള്ളതുകൊണ്ട് അവയെല്ലാം ശ്രദ്ധിക്കപ്പെട്ടു എന്നതാണ് സന്തോഷമുള്ള കാര്യം’, വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.