സാറേ..ജസ്‌ന മലപ്പുറത്തെ ടൂറിസം പാര്‍ക്കില്‍ ഇരിക്കുന്നുണ്ട്, അല്ല സാറേ…ജസ്‌ന കോട്ടയം ബസ്റ്റാന്‍ഡില്‍ ഇരിക്കുന്നുണ്ട്..; വ്യാജനില്‍ വലഞ്ഞ് പൊലീസ്

മലപ്പുറം: ജെസ്‌നയുമായി ബന്ധപ്പെട്ട വ്യാജ സന്ദേശങ്ങളില്‍ വലഞ്ഞ്‌ അന്വേഷണസംഘം. കോട്ടയം ബസ്‌ സ്‌റ്റാന്‍ഡില്‍ ജസ്‌ന തിരുവല്ലയ്‌ക്കുള്ള ബസ്‌ കാത്തിരിക്കുന്നുണ്ടെന്നാണ്‌ ഇന്നലെ അവസാനമായി അന്വേഷണസംഘത്തിന്‌ ലഭിച്ച വ്യാജസന്ദേശം. കേസന്വേഷിക്കുന്ന തിരുവല്ല ഡിവൈ.എസ്‌.പി: ചന്ദ്രശേഖരപിള്ളയുടെ മൊബൈല്‍ ഫോണിലേക്കാണ്‌ കൂടുതല്‍ വ്യാജ ഫോണ്‍കോളുകളെത്തിയത്‌.

കോഴിക്കോട്‌, വയനാട്‌, എറണാകുളം, മലപ്പുറം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളില്‍ ജെസ്‌നയെ കണ്ടതായുള്ള നിരവധി ഫോണ്‍കോളുകള്‍ തന്റെ ഫോണിലേക്ക്‌ എത്തിയതായി ഡിവൈ.എസ്‌.പി: ചന്ദ്രശേഖരപിള്ള പറഞ്ഞു. സന്ദേശംവരുന്ന എല്ലായിടത്തും അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരുവില്‍നിന്നും ചെന്നൈയില്‍നിന്നുമാണു കൂടുതല്‍ വ്യാജ ഫോണ്‍കോളുകള്‍. വേളാങ്കണ്ണി, ഹൈദരാബാദ്‌, ഗോവ എന്നിവിടങ്ങളില്‍നിന്നും ഫോണ്‍കോളുകളെത്തി.

തിരോധാനവുമായി ബന്ധപ്പെട്ട്‌ കൃത്യമായ ഒരു വിവരവും പോലീസിന്റെ പക്കലില്ലാത്തതിനാല്‍ എല്ലാസന്ദേശങ്ങളും വളരെ ഗൗരവപൂര്‍വമാണു പോലീസ്‌ പരിശോധിക്കുന്നത്‌. ഇന്നലെ കോട്ടയം ബസ്‌ സ്‌റ്റാന്‍ഡില്‍ ബസ്‌ കാത്തിരിക്കുന്നുണ്ടെന്ന സന്ദേശത്തെ തുടര്‍ന്നു ഉടന്‍തന്നെ പോലീസ്‌ അവിടെ എത്തിയെങ്കിലും ജെസ്‌നയേയോ ഫോണ്‍ചെയ്‌ത ആളെയോ കണ്ടെത്താനായില്ല.