റോയിയെ ജീവിതത്തില്‍ നിന്ന് ജോളി ഒഴിവാക്കിയത് അതിവിദഗ്ധ പ്ലാനിങ്ങിലൂടെ

ആഭിചാരക്രിയയ്ക്ക് വരെ തന്നെ പ്രേരിപ്പിച്ച ഭര്‍ത്താവ് റോയിയെ ജീവിതത്തില്‍ നിന്ന് ജോളി ഒഴിവാക്കിയത് അതിവിദഗ്ധ പ്ലാനിങ്ങിലൂടെയാണ്. സ്ഥിരം മദ്യപാനിയും ജോലിക്ക് പോവാതെ ജോളിയുമായി വഴക്കിടുകയും ചെയ്യുന്ന ആളായിരുന്നു റോയി. അതിനാല്‍ കല്യാണം കഴിഞ്ഞ അടുത്ത നാളുകളില്‍ തന്നെ ജോളിക്ക് റോയി ഭാരമായി തുടങ്ങി.

താനും ഭാര്യയും പിണക്കത്തിലാണെന്ന് റോയി പലരെയും അറിയിച്ചിരുന്നു. ഇത് ആഭിചാരക്രിയയിലൂടെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പലരെയും ബന്ധപ്പെടുകയും ചെയ്തിരുന്നു. പക്ഷെ അവര്‍ തന്നെ റോയിയെ ഇതില്‍ നിന്നും പിന്‍തിരിപ്പിച്ചു. ഇതോടെ റോയി മറ്റു ചില ജോത്സ്യന്മാരെ സമീപിച്ചു. ഇതറിഞ്ഞ ജോളി എത്രയും പെട്ടെന്ന് റോയിയെ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു. വീട്ടിലെത്തിയാല്‍ ഭക്ഷണം കഴിച്ചില്ലെങ്കില്‍ പോലും ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് റോയിയുടെ ശീലമായിരുന്നു. ഇത് അറിയാമായിരുന്ന ജോളി, കുടിവെള്ളത്തിലും കടലക്കറിയിലും സയനയ്ഡ് കലര്‍ത്തി. കുട്ടികള്‍ കുടിക്കാതിരിക്കാന്‍ അവരെ നേരത്തെ തന്നെ മുകളിലത്തെ മുറിയില്‍ എത്തിച്ച്‌ ഉറക്കുകയും ചെയ്തു.

മരണം ഉറപ്പാക്കിയ ശേഷം ഹാര്‍ട്ട് അറ്റാക്കാണെന്ന് ജോളി തന്നെ ബന്ധുക്കളെയും മറ്റുള്ളവരേയും വിളിച്ച്‌ പറഞ്ഞു. പിറ്റേന്ന് വീട്ടില്‍ പന്തലിടുമ്ബോള്‍ മാത്രമാണ് അച്ഛന്‍ മരിച്ച കാര്യം കുട്ടികളോട് പോലും ജോളി പറഞ്ഞതെന്ന് എസ്‌പി കെ.ജി. സൈമണ്‍ പറഞ്ഞു. റോയി തോമസിന്റെ അമിത മദ്യപാനം, അമിത അന്ധവിശ്വാസം ഇത് കൂടാതെ പരപുരുഷ ബന്ധങ്ങള്‍ എതിര്‍ത്തതിലെ പകയും കൊലപാതകത്തിന് കാരണമായി.

കൂടത്തായില്‍ ആറ് മരണങ്ങള്‍ നടന്നുവെങ്കില്‍ റോയി തോമസിന്റെ മരണത്തില്‍ മാത്രമാണ് മരണ സമയത്ത് മാത്രമേ പോസ്റ്റ് മോര്‍ട്ടം നടന്നിട്ടുള്ളൂ. ഈ സാഹചര്യത്തിലാണ് റോയി തോമസിന്റെ കൊലപാതകത്തില്‍ ആദ്യ കുറ്റപത്രം പൊലീസ് നല്‍കുന്നത്.

ജോളിയുടെ ആദ്യ ഭര്‍ത്താവ് ധൂര്‍ത്തനും ആഡംബരത്തില്‍ ജീവിച്ചവനമായിരുന്നു. ഈ ധൂര്‍ത്ത് ജീവിതം തകര്‍ക്കുന്ന ഘട്ടത്തിലാണ് ജോളി കൊലപാതകങ്ങളിലേക്ക് കടക്കുന്നത്. ഏറെ പണം മുടക്കി തുടങ്ങിയ ബിസിനസ് സംരംഭങ്ങളെല്ലാം തകര്‍ന്ന് അവസാന കാലത്ത് കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലായിരുന്നു റോയി. മുക്കത്ത് റെഡിമെയ്ഡ് കടയില്‍ ഷെയറെടുത്തും താമരശ്ശേരി ചുങ്കത്ത് എന്‍ജിന്‍ ഓയില്‍ വ്യാപാരം നടത്തിയും ലക്ഷങ്ങളാണ് റോയി തുലച്ചത്.

ആര്‍ഭാടജീവിതവും സുഖലോലുപതയും റോയിയെ കൊണ്ടെത്തിച്ചത് കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍. ഇടക്ക് നടത്തിയ റിയല്‍ എസ്റ്റേറ്റ് ബിസിനസും പൊട്ടിയിരുന്നു. അന്ന് കുടുംബത്തിലെ സാമ്ബത്തികകാര്യങ്ങള്‍ മാതാവ് അന്നമ്മയുടെ കൈകളിലായിരുന്നു. മാതാവിന്റെയും പിതാവിന്റെയും കൈയില്‍നിന്ന് വന്‍ തുക റോയി പലപ്പോഴായി വാങ്ങി. പണം തിരിച്ച്‌ ലഭിക്കാത്തതിനെ തുടര്‍ന്ന് അന്നമ്മ കണക്കു ചോദിക്കുന്നത് റോയിയെ ചൊടിപ്പിച്ചിരുന്നു. റോയിയുടെ ബിസിനസുകളെക്കുറിച്ചും സാമ്ബത്തികത്തകര്‍ച്ചയെക്കുറിച്ചും ജോളിക്കും കൃത്യമായ ബോധ്യമുണ്ടായിരുന്നു. റോയി വാങ്ങിയ പണം കൃത്യമായി അന്നമ്മ ഡയറിയില്‍ എഴുതിസൂക്ഷിച്ചിരുന്നു.

റോയി വാങ്ങിയ പണത്തെക്കുറിച്ച്‌ ഭര്‍ത്താവിനോടും മറ്റു മക്കളോടും അന്നമ്മ പറഞ്ഞതോടെ റോയിക്കും ജോളിക്കും ഇവരോട് നീരസമുണ്ടായി. ഇതാണ് അന്നമ്മയെ വകവരുത്താന്‍ ഇടയാക്കിയതെന്നാണ് അന്വേഷണ സംഘം പറയുന്നത്. അന്നമ്മയുടെ മരണശേഷം കുടുംബത്തിന്റെ സാമ്ബത്തിക ഇടപാടുകള്‍ ടോം തോമസ് ഏറ്റെടുത്തു. കൂടത്തായിക്കടുത്ത മണിമുണ്ടയില്‍ ടോം തോമസിനുണ്ടായിരുന്ന ഒന്നരയേക്കര്‍ സ്ഥലം വിറ്റ് ലഭിച്ച 18 ലക്ഷത്തോളം രൂപ റോയിയെ ഒഴിവാക്കി ജോളിയുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചതായി കുടുംബവുമായി അടുത്ത ബന്ധുക്കള്‍ പറയുന്നു.

കൂടുതല്‍ കുടുംബസ്വത്ത് ഇനി റോയിക്കും ഭാര്യക്കും ഉണ്ടാകില്ലെന്നും ടോം തോമസ് വ്യക്തമാക്കിയിരുന്നു. ഇതിലുള്ള നീരസമാവാം ടോം തോമസിനെ വകവരുത്താന്‍ ജോളിയെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു.റോയി ജീവിച്ചിരുന്നാല്‍ ഉള്ളതെല്ലാം വിറ്റുതുലക്കുമെന്ന ആശങ്കയാവാം റോയിയെയും വകവരുത്താന്‍ ഇടയാക്കിയതെന്ന് അന്വേഷണ സംഘം കരുതുന്നു.

റോയി മരിച്ചപ്പോള്‍ പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന് നിര്‍ബന്ധിച്ചത് അമ്മാവനായ മഞ്ചാടിയില്‍ മാത്യുവാണ്. മാത്രമല്ല, ജോളിയുടെയും റോയിയുടെയും പല നടപടികളെയും ഇദ്ദേഹം എതിര്‍ത്തിരുന്നതായും സൂചനയുണ്ട്. ഇതായിരിക്കാം മാത്യുവിനെ വകവരുത്താന്‍ വഴിവെച്ചതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.