ജോളി പഴയ ജോളി അല്ല, അടിമുടി മാറി

വനിതാ സെല്ലില്‍ ആരോടും മിണ്ടാതെ കുനിഞ്ഞിരുന്ന് കരഞ്ഞുകൊണ്ടിരുന്ന ജോളിയല്ല ഇപ്പോഴത്തെ ജോളി. സഹതടവുകാരികളുമായി ഇടപഴകി സംസാരിക്കുന്നു, തമാശ പറയുന്നു, അവസരത്തിനൊത്ത് പൊട്ടിച്ചിരിക്കുന്നുമുണ്ട്. രണ്ട് കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും അതിന്റെ അങ്കലാപ്പുമില്ല.

കോഴിക്കോട് ജില്ലാ ജയിലില്‍ 30 വനിതാ കുറ്റവാളികളെ താമസിപ്പിക്കാന്‍ ആറ് സെല്ലുകളാണുള്ളത്. 10 കുറ്റവാളികള്‍ മാത്രമേ ഇപ്പോള്‍ ഉള്ളൂ. ഇവരെ രണ്ട് സെല്ലുകളിലായാണ് താമസിപ്പിച്ചിരിക്കുന്നത്. ഇതില്‍ ആദ്യത്തെ സെല്ലിലാണ് ജോളി. അതില്‍ ജോളി അടക്കം ആറ് പേര്‍. ജയിലില്‍ എത്തിയ നാളുകളില്‍ ആത്മഹത്യാ പ്രവണത കണ്ടതിനെതുടര്‍ന്നാണ് കൂടുതല്‍ പേരുള്ള സെല്ലിലേക്ക് മാറ്റിയത്.

ജയില്‍ അധികൃതരുടെ ശാസ്ത്രീയ സമീപനമാണ് ജോളിയിലും മാറ്റം ഉണ്ടാക്കിയത്. ജയിലില്‍ കഴിയുന്ന വനിതാ തടവുകാരില്‍ ഭൂരിപക്ഷവും സാഹചര്യങ്ങള്‍ കാരണമാണ് കുറ്റവാളിയാവുന്നത്. കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാവും അവര്‍. അത്‌ കുറയ്ക്കാന്‍ രാവിലെ ആറ് മണിക്ക് യോഗ പരിശീലനം നല്‍കും. വനിതാ വാര്‍ഡര്‍മാരാണ് യോഗ പഠിപ്പിക്കുന്നത്. കൗണ്‍സലിംഗും നല്‍കാറുണ്ട്. അതത് മതാചാരപ്രകാരമുള്ള കൗണ്‍സലിംഗ് തടവുകാരില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാക്കാറുണ്ടെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. വനിതകളാണ്‌ കൗണ്‍സലിംഗിന് എത്താറുള്ളത്.

ജയിലില്‍ തൊഴില്‍ പരിശീലനത്തിന് സംവിധാനം ഉണ്ടെങ്കിലും ജോളിക്ക്‌ പരിശീലനം നല്‍കാന്‍ തുടങ്ങിയില്ലെന്നാണ് സൂചന. താമസിയാതെ തൊഴില്‍ പരിശീലനവും നല്‍കിയേക്കും.

ജോളിക്കെതിരെ ശാസ്ത്രീയ രീതിയില്‍ തെളിവുകള്‍ ശേഖരിച്ച്‌ പഴുതുകള്‍ അടച്ചുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നതെന്ന് കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന കോഴിക്കോട് റൂറല്‍ എസ്.പി കെ.ജി. സൈമണ്‍ പറഞ്ഞിട്ടുണ്ടെങ്കിലും ജോളി തികഞ്ഞ ആത്മവിശ്വാസത്തിലാണ്.