ഫാഷന്‍ മാഗസിനുകളുടെ മുഖചിത്രമാകാനാണ് ആരോഗ്യമന്ത്രിക്ക് താല്‍പര്യമെന്ന് കെ മുരളീധരന്‍

കേരളത്തില്‍ കൊറോണയെ പിടിച്ചുകെട്ടിയെന്ന് പിആര്‍ ഏജന്‍സിയെ വെച്ച് പ്രചരണം നടത്തി സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധിരിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. കേരളത്തില്‍ കൊറോണ നിയന്ത്രണവിധേയമല്ലെന്നും വി മുരളീധരന്‍ വിമര്‍ശിച്ചു. രാജ്യത്തെ 40 ശതമാനം കൊറോണ രോഗികള്‍ കേരളത്തില്‍ ആണ്. ഭരണപക്ഷത്തിന്റെ വീഴ്ചകള്‍ പ്രതിപക്ഷവും ചൂണ്ടിക്കാട്ടുന്നില്ലെന്ന് മുരളീധരന്‍ വിമര്‍ശിച്ചു. ഇത് ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും ഒത്തുകളിയാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ജനങ്ങളുടെ ആരോഗ്യത്തിലല്ല മേനി നടിക്കുന്നതിലാണ് സര്‍ക്കാരിന്റെ ശ്രദ്ധയെന്നും ഫാഷന്‍ മാഗസിനുകളുടെ മുഖചിത്രമാകാനാണ് ആരോഗ്യമന്ത്രിക്ക് താല്പര്യമെന്നും കെ മുരളീധരന്‍ വിമര്‍ശിച്ചു. ആരോഗ്യ മന്ത്രിക്കാണോ മുഖ്യമന്ത്രിക്കാണോ വീഴ്ച്ചയുടെ ഉത്തരവാദിത്വമെന്ന് വ്യക്തമാക്കണം. രോഗ നിയന്ത്രണത്തിന് സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഒന്നാമത് എന്ന പ്രചരണം എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമല്ല. രോഗികളുടെ സമ്പര്‍ക്കപ്പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കുന്നില്ല. ഹോം ക്വാറന്റെയ്ന്‍ നടപ്പാക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. മരണ നിരക്ക് ബോധപൂര്‍വം കുറക്കുന്നു. പരിശോധനകളും അപര്യാപ്തമാണെന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി. കേരളം രോഗവ്യാപനത്തിലേക്ക് മടങ്ങി പോകുകയാണ്. വസ്തുതകള്‍ ജനങ്ങളോട് വിശദീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം.