ദാമ്പത്യം എന്നാലത് പളുങ്കു പാത്രം പോലെയാണ്, പൊട്ടി പോയാല്‍, ഒട്ടിച്ചു വെച്ചാലും ഭംഗി ഉണ്ടാകില്ല, കല മോഹന്‍ പറയുന്നു

ചിലരുടെ ദാമ്പത്തിക ജീവിതം അസൂയ ഉളവാക്കാറുണ്ട്. അത്രയും മനോഹരമായിരിക്കും ആ ജീവിതം. ഇത്തരത്തില്‍ താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മനോഹര കാഴ്ച അച്ഛന്റെയും അമ്മയുടെയും ജീവിതമാണെന്ന് പറയുകയാണ് സൈക്കോളജിസ്റ്റ് കൗണ്‍സിലര്‍ ആയ കല മോഹന്‍. മാത്രമല്ല ദാമ്പത്തിക ജീവിതത്തെ കുറിച്ചും കല തന്റെ പുതിയ ഫേസ്ബുക്ക് കുറിപ്പില്‍ വിശദീകരിക്കുന്നുണ്ട്.

കല മോഹന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ചു ഏറ്റവും മനോഹരമായ കാഴ്ച എന്താണെന്നു വെച്ചാല്‍, അവരുടെ എഴുപതുകളിലും എന്റെ അച്ഛന്റെ കൈത്തണ്ടയില്‍ തലവെച്ചുറങ്ങുന്ന അമ്മ ആണ്. ദാമ്പത്യത്തില്‍ എന്നല്ല ഒരിക്കലും പുരുഷനില്‍ എനിക്ക് കിട്ടാതെ പോയ ഒരു നിമിഷം. എന്നാല്‍, അതൊരു യഥാര്‍ത്ഥ ഫെമിനിസ്റ്റ് ചിത്രം തന്നെയാണ്. അംഗഭംഗം വന്ന എന്റെ പെണ്‍സ്വപ്നം. നീയോ ഞാനോ മേലെ എന്നതല്ല, നമ്മള്‍ പരസ്പരം തുണ ആകുന്നവര്‍ എന്നാണ്. നിരാശപെടാന്‍ നിന്നാല്‍ എന്റെ കാല് ചലിക്കില്ല. പെണ്ണിന്റെ ആനുകൂല്യങ്ങള്‍ എനിക്ക് അറിയാന്‍ താല്പര്യം ഇല്ല. പുരുഷമേധാവിത്വം എന്താണെന്നും അറിയില്ല.

ഒന്നേ അറിയൂ. ചേരേണ്ടവര്‍ തമ്മില്‍ ചേരണം. ആശാനിരാശകള്‍ ഒന്നിച്ചു പങ്കിടണം. വീഞ്ഞ് പോലെ ലഹരി കൂടണം. ദാമ്പത്യം എന്നാലത് പളുങ്കു പാത്രം പോലെയാണ്. പൊട്ടി പോയാല്‍, ഒട്ടിച്ചു വെച്ചാലും ഭംഗി ഉണ്ടാകില്ല. വിവാഹമോചിത ആയത് കൊണ്ടാകാം, എന്നോട് അവിവാഹിതര്‍ കല്യാണം കഴിക്കേണ്ട കാര്യമുണ്ടോ എന്നൊക്കെ ചോദിക്കാറുണ്ട്. വിവാഹജീവിതം വേണ്ട എന്ന പക്ഷക്കാരി അല്ല ഞാന്‍. ദാമ്പത്യം എന്നത് സുന്ദരമല്ല എന്ന് ഞാനൊരിക്കലും പറയില്ല. കാരണം, ഞാന്‍ ആദ്യമേ കുറിച്ചതാണ്. ഞാന്‍ കണ്ട ഭൂമിയിലെ ഏറ്റവും മനോഹരമായ കാഴ്ചയും എനിക്ക് കിട്ടിയിട്ടില്ലാത്ത ഒന്നും.

ദാമ്പത്യം മോശമെന്ന് ഞാന്‍ പറഞ്ഞാല്‍, മുഖം ചീത്തയായതിനു കണ്ണാടി തല്ലിപൊട്ടിക്കും പോലെ അല്ലെ അത്.

https://www.facebook.com/photo.php?fbid=10158070432269340&set=a.10152973236709340&type=3&theater