കമലാ ഹാരിസ് ഇന്ന് സെനറ്റ് അംഗത്വം രാജിവെയ്ക്കും

അമേരിക്കയുടെ നിയുക്ത വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഇന്ന് സെനറ്റ് അംഗത്വം രാജിവെയ്ക്കും. വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് ബുധനാഴ്ച നടക്കുന്ന സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായിട്ടാണ് സെനറ്റ് അംഗത്വം രാജിവെയ്ക്കുന്നത്. അതേസമയം വൈസ് പ്രസിഡന്റ് എന്ന നിലയില്‍ കമലാ ഹാരിസ് തന്നെയാകും സെനറ്റിന്റെ അദ്ധ്യക്ഷ പദവിയിലിരിക്കുക. രാജിക്കാര്യം കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗവിന്‍ ന്യൂസോമിനെ അറിയിച്ചതായും തിങ്കളാഴ്ച ഔദ്യോഗികമായി രാജിവെയ്ക്കുമെന്നും കമലാ ഹാരിസിന്റെ അടുത്ത അനുയായികള്‍ വ്യക്തമാക്കി.

വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് കമലയുടെ പകരക്കാരെ നിയോഗിക്കാനുളള നടപടി നേരത്തെ ആരംഭിച്ചിരുന്നു. കാലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍ പദവിയില്‍ നിന്ന് 2016 ലാണ് കമലാ ഹാരിസ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2017 ജനുവരിയിലായിരുന്നു സത്യപ്രതിജ്ഞ. 2022 വരെയാണ് കമലാഹാരിസിന്റെ സെനറ്റ് കാലാവധി.

ചടുലമായ ചോദ്യ ശൈലിയിലൂടെ കുറഞ്ഞ സമയത്തിനുളളില്‍ കമല ശ്രദ്ധാകേന്ദ്രമായി. തെരഞ്ഞെടുപ്പ് സുരക്ഷ, ക്രിമിനല്‍ നീതിന്യായ പരിഷ്‌കരണം തുടങ്ങിയ വിഷയങ്ങളില്‍ റിപ്പബ്ലിക്കന്‍ അംഗങ്ങളുമായി കൂട്ടുചേര്‍ന്നതും കമലയുടെ രാഷ്ട്രീയ നീക്കമായി വിലയിരുത്തപ്പെട്ടിരുന്നു. ആദ്യ വനിതാ വൈസ് പ്രസിഡന്റ്, ഈ പദവി അലങ്കരിക്കുന്ന ആദ്യ ദക്ഷിണേഷ്യന്‍ വംശജ തുടങ്ങിയ വിശേഷങ്ങളോടെയാണ് കമലാ ഹാരിസ് പുതിയ പദവിയിലെത്തുക.