കുഞ്ഞ് ജനിച്ച് ഏഴ് ദിവസം പിന്നിട്ടപ്പോൾ സർജറി നടത്തി, അവൻ ദൈവത്തിന്റെ പുത്രനാണ്- കനിഹ

മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്ക് എത്തി മുൻനിര നായികയായി എത്തിയ നടിയാണ് കനിഹ. തെലുങ്ക് സിനിമയിലൂടെ എത്തിയ താരം പിന്നീട് തമിഴിവും മലയാളത്തിലും തിളങ്ങി. പൊതുവെ വിവാഹത്തോടെ സിനിമാ ജീവിതം അവസാനിപ്പിക്കുന്ന നടിമാരാണ് സാധാരണയായി കാണാറുള്ളത്. എന്നാൽ കനിഹ കരിയറിൽ തിളങ്ങിയത് വിവാഹത്തിന് ശേഷമായിരുന്നു. കുടുംബ ജീവിതവലും കരിയറും ഒരുപോലെ കൊണ്ടുപോവുകയാണ് നടി. ഇപ്പോളിതാ താരം മകനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ഋഷി എന്നാണ് മകന്റെ പേര്, അവനിപ്പോൾ പതിനൊന്ന് വയസ്സ് ആകുന്നു. എന്റേത് ഒരു പെർഫക്ട് പ്രെഗ്നൻസിയായിരുന്നു. യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല. സ്‌കാനിങ് റിസൾട്ട് എല്ലാം പെർഫക്ട് ആയിരുന്നു. എനിക്ക് പ്രസവ വേദന വന്നു, ആശുപത്രിയിൽ പോയി, പ്രസവിച്ചു. പ്രസവ ശേഷം എന്ത് സംഭവിച്ചു എന്ന് എനിക്ക് അറിയില്ല, കുഞ്ഞിനെ എനിക്ക് കാണിച്ചു തന്നില്ല. വൈകുന്നേരം ആറ്, ആറര മണിക്കായിരുന്നു എന്റെ പ്രസവം. സമയം ഏതാണ്ട് അർധരാത്രിയായപ്പോൾ ഒരു ഡോക്ടർ പെന്നും പുസ്തകവും ഒക്കെയായി റൂമിലേക്ക് വന്നു.

അദ്ദേഹം ആ കടലാസിൽ ഹാർട്ട് വരച്ചിട്ട് എന്നോട് പറഞ്ഞു, ‘ക്ഷമിക്കണം നിങ്ങളുടെ കുഞ്ഞിന് ഹാർട്ടിന് ചെറിയ പ്രശ്‌നമുണ്ട്, ചിലപ്പോൾ ഈ രാത്രി തന്നെ അവൻ മരണപ്പെട്ടേക്കും’ എന്ന്. അത് കേട്ടതും എന്റെ കൈയ്യും കാലും എല്ലാം വിറയ്ക്കാൻ തുടങ്ങി. എങ്ങിനെ റിയാക്ട് ചെയ്യണം എന്ന് പോലും എനിക്ക് അറിയില്ല. ഡെലിവറി കഴിഞ്ഞ അവസ്ഥയിൽ നിന്ന് ശരീരം റിക്കവറി ആയിട്ടു പോലും ഉണ്ടായിരുന്നില്ല. എങ്ങിനെ ധൈര്യം വന്നു എന്ന് അറിയില്ല, അപ്പോൾ തന്നെ ഞാൻ എഴുന്നേറ്റ് അവൻ കിടക്കുന്ന അടുത്ത ബ്ലോക്കിലേക്ക് പോയി. അവനെ ഞാൻ ആദ്യമായി കാണുമ്പോൾ തീരെ ചെറിയ ഒരു വാവ, ശരീരം മുഴുവൻ പൈപും മറ്റുമെല്ലാം ഘടിപ്പിച്ച അവസ്ഥയിൽ കിടത്തിയിരിയ്ക്കുന്നു. എനിക്ക് അത് താങ്ങാൻ പറ്റുന്നതിലും അപ്പുറമായിരുന്നു.

ഒരു രാത്രി അതിജീവിയ്ക്കില്ല എന്ന് പറഞ്ഞ എന്റെ കുഞ്ഞ് ജീവൻ രക്ഷാ മാർഗ്ഗങ്ങളോട് ഏഴ് ദിവസം പിന്നിട്ടു. ഇങ്ങനെ വച്ച് ഇരുന്നത് കൊണ്ട് പ്രയോജനം ഇല്ലല്ലോ, ഒരു ചാൻസ് മാത്രം ജീവൻ തിരിച്ചു കിട്ടും എന്ന പ്രതീക്ഷയിൽ സർജറി ചെയ്യാൻ തീരുമാനിച്ചു. ആ സമയത്ത് ഞാൻ പ്രാർത്ഥിക്കാത്ത ദൈവങ്ങളില്ല. സായി ഭാവ ഭക്തയാണ് ഞാൻ, എന്റെ എല്ലാ ഭാരവും അദ്ദേഹത്തിൽ വച്ച് ഞാൻ പ്രാർത്ഥിച്ചു.

സർജറി നടക്കുന്ന ദിവസം എന്റെ ഭർത്താവിനെ ആശുപത്രിയിൽ നിർത്തി, ഞാൻ അമ്പലത്തിൽ പോയി. എട്ട് മണിക്കൂറോളം നീണ്ട സർജ്ജറിയായിരുന്നു. ആ സർജ്ജറിയ്ക്ക് ശേഷം എന്ത് വേണമെങ്കിലും നടക്കാം എന്ന് ഡോക്ടർ പറഞ്ഞിരുന്നു. അതിനെ എല്ലാം അതിജീവിച്ച് വന്ന കുഞ്ഞാണ് എന്റെ മകൻ. അവൻ ദൈവത്തിന്റെ പുത്രനാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.

2008 ജൂൺ പതിനഞ്ചിനായിരുന്നു കനിഹ വിവാഹിതയാകുന്നത്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിൽ സോഫ്റ്റ് വെയർ എൻജിനീയറായി പ്രവർത്തിക്കുന്ന ശ്യാം രാധാകൃഷ്ണനാണ് കനിഹയുടെ ഭർത്താവ്. മുൻ അഭിനേതാവായ ജയ് ശ്രീ ചന്ദ്രശേഖറിന്റെ സഹോദരനാണ് ശ്യാം രാധാ കൃഷ്ണൻ. സായി റിഷി എന്നൊരു മകനുമുണ്ട് ഇവർക്ക്. 2010ലാണ് കുട്ടി ജനിച്ചത്.