എട്ടുവര്‍ഷത്തെ പ്രണയം, കരിക്ക് താരം കിരണ്‍ വിവാഹിതനായി

കരിക്ക് വെബ്സീരിസിലൂടെ ശ്രദ്ധേയനായ കിരണ്‍ വിയ്യത്ത് വിവാഹിതനായി. കണ്ണൂർ സ്വദേശി ആതിരയാണ് വധു. കണ്ണൂരില്‍ വച്ചു ഞായറാഴ്ച നടന്ന ചടങ്ങില്‍ കരിക്കിലെ താരങ്ങളടക്കം നിരവധി പേർ പങ്കെടുത്തു. എട്ടു വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരുടെയും വിവാഹം. വിവാഹ ചിത്രങ്ങളും വീഡിയോകളും കരിക്കിലെ മറ്റു താരങ്ങളായ അനു കെ. അനിയനും, അർജുനും സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്.

നിരവധി ഉപയോക്താക്കളാണ് സോഷ്യൽ മീഡിയയിൽ ആശംസകളുമായെത്തുന്നത്. കരിക്കിന്റെ അവസാനം പുറത്തിറങ്ങിയ ‘മോക്ക,’ ‘ജബ്‌ല’ തുടങ്ങിയ സീരീസുകളിലൂടെ പ്രശസ്തനാണ് കിരൺ.

മലയാളികൾ നെഞ്ചോടു ചേർത്ത വെബ് സീരിസുകളിൽ ഒന്നാണ് കരിക്ക്. കരിക്കിന്റെ ഉടമസ്ഥനായ നിഖിൽ പ്രസാദ് സംവിധാനം ചെയ്ത ‘തേരാ പാര’ എന്ന സീരിസിലൂടെയാണ് കിരൺ ശ്രദ്ധനേടുന്നത്. തുടർന്ന് നിരവധി കോമഡി കഥാപാത്രങ്ങളിലൂടെ കിരൺ പ്രേക്ഷകരുടെ മനസിൽ ഇടംനേടി.