അച്ഛന്റെ ആത്മാവിനെ സാക്ഷിയാക്കി കാര്‍ത്തിക സുമംഗലിയായി

വടകര: മകളുടെ വിവാഹത്തിനായുള്ള യാത്രക്കിടെ പിതാവ് മരണപ്പെട്ട വാര്‍ത്ത ഏറെ ദുഖത്തോടെയാണ് മലയാളികള്‍ ഉള്‍ക്കൊണ്ടത്. പരമേശ്വരന്‍ മൂത്തതിന്റെ സ്വപ്‌നമായിരുന്നു മകളുടെ വിവാഹം. ലോക്ക് ഡൗണിനെ തുടര്‍ന്ന് മകളുടെ വിവാഹത്തിനായുള്ള യാത്രക്കിടെ ഏപ്രില്‍ 28ന് മരിക്കുകയായിരുന്നു. പരമേശ്വരന്റെ ഏറെ കാലത്തെ സ്വപ്‌നം സഫലമായത് ഇന്നലെയായിരുന്നു. മകള്‍ കാര്‍ത്തിക സുമംഗലിയായി.

ഏപ്രില്‍ 29ന് ആയിരുന്നു വൈക്കം ഉദയനാപുരം വാതുക്കോടത്ത് ഇല്ലത്ത് വി എസ് പരമേശ്വരന്‍ മൂത്തതിന്റെ മകള്‍ കാര്‍ത്തികയും വടകര ഓര്‍ക്കാട്ടേരി പാറോളി ഇല്ലത്ത് പുരുഷോത്തമന്‍ നമ്പൂതിരിയുടെ മകന്‍# കൃഷ്ണ ദേവും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. കോവിഡ് വ്യാപനം തടയാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നതിനാല്‍ ലളിതമായ ചടങ്ങുകളായി വിവാഹം നടത്താന്‍ ഇരുവീട്ടുകാരും നിശ്ചയിക്കുക ആയിരുന്നു. ഇതിനായി പരമേശ്വരന്‍ മൂത്തതും മകള്‍ കാര്‍ത്തികയും മകന്‍ കണ്ണനും മാത്രമാണ് 28ന് ഓര്‍ക്കാട്ടേരിയിലേക്ക് തിരിച്ചിത്. എന്നാല്‍ യാത്ര മധ്യേ പയ്യോളിയില്‍ എത്തിയപ്പോള്‍ പരമേശ്വരന്‍ മൂത്തത് കുഴഞ്ഞ് വീഴുക ആയിരുന്നു. ഉടന്‍ തന്നെ കൊയിലാണ്ടിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

കാര്‍ത്തികയ്ക്കും കണ്ണനും ചെറുപ്പത്തില്‍ തന്നെ അമ്മയെ നഷ്ടപ്പെട്ടിരുന്നു. ഇതോടെ മകളെ സുരക്ഷിതമായി ഒരാളുടെ കയ്യില്‍ ഏല്‍പ്പിക്കുക എന്നതായിരുന്നു പരമേശ്വരന്റെ സ്വപ്‌നം. ആ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ മുമ്പാണ് അദ്ദേഹം മരണത്തിന് കീഴടങ്ങുന്നത്. അച്ഛന്റെ മരണം കണ്ട് പകച്ച് പോയ കാര്‍ത്തികയ്ക്കും സഹോദരനും താങ്ങായത് കൃഷ്ണ ദേവും കുടുംബവും ആയിരുന്നു.

കൃഷ്ണദേവും ബന്ധുക്കളും ആംബുലന്‍സില്‍ മൃതദേഹവുമായി വൈക്കത്തേക്കുപോയി. എല്ലാ ചടങ്ങുകള്‍ക്കും ഇവര്‍ മുന്നില്‍ നിന്നു നടത്തി. ചടങ്ങുകളെല്ലാം കഴിഞ്ഞശേഷം ചൊവ്വാഴ്ച കൃഷ്ണദേവ് കാര്‍ത്തികയ്ക്ക് താലിചാര്‍ത്തി.