താരമായി യുവ ഡോക്ടർ, പ്രതിഫലം വാങ്ങാതെ വീട്ടിൽ പോകാതെ കോവിഡിനെതിരെ പടപൊരുതുന്നു

കാസർ​ഗോടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ താരമായി ഡോ. ജിബിൻ മോൻസി. തുടക്കത്തിൽ ഏറ്റവുമധികം കോവിഡ് ബാധിതരുണ്ടായിരുന്നത് കാസർ​ഗോഡായിരുന്നു. പാണത്തൂർ സ്വദേശിയായ ജിബിൻ ഒരു രൂപ പ്രതിഫലം പറ്റാതെയാണ് ഇത്രയും ദിവസം പ്രവർത്തിച്ചത്. 24 മണിക്കൂറും ജില്ലാ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിന്റെ മേൽനോട്ടച്ചുമതലയുള്ള ജിബിന് ഊണും ഉറക്കവും എല്ലാം ആശുപത്രിയിൽ. സംശയമുള്ളവരുടെ സ്രവപരിശോധനാ കേന്ദ്രത്തിന്റെ ചുമതലയുൾപ്പെടെയുള്ള ജോലിയാണ് ഡോ. ജിബിൻ മോൻസി ചെയ്യുന്നത്. ഏപ്രിൽ നാലിനാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിച്ചത്. പിന്നീട് വീട്ടിൽ പോയിട്ടില്ല.

ഡൽഹിയിൽ ജോലി ചെയ്യുന്ന ജിബിൻ നാട്ടിലെത്തിയപ്പോഴാണ് കേരളത്തിൽ കോവിഡ് പകർന്നാടിയത്. ഡോക്ടർമാരെ ആവശ്യമുണ്ടെന്ന ആരോഗ്യവകുപ്പിന്റെ സന്ദേശം കിട്ടിയ ജിബിൻ ജില്ലാ മെഡിക്കൽ ഓഫീസറെ കണ്ട് സേവന സന്നദ്ധത അറിയിച്ചു. സ്വന്തം നാടിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം കൊണ്ടാണ് സൗജന്യസേവനത്തിനായി ജില്ലാ ആശുപത്രി തെരഞ്ഞെടുക്കാൻ കാരണമെന്ന് ജിബിൻ പറഞ്ഞു.

ബളാന്തോട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ പഠനം കഴിഞ്ഞ് ചൈനയിലെ ചോങ്ചി മെഡിക്കൽ കോളേജിൽ ചേർന്നു. പഠനം പൂർത്തിയായ ശേഷം ഡൽഹി സഞ്ജയ് ഗാന്ധി സ്മാരക ഗവ. ആസ്പത്രിയിൽ ചേർന്നു. കെ കെ മോൻസിയും മേരിമോൻസിയുമാണ് മാതാപിതാക്കൾ. രണ്ടു സഹോദരിമാർ. ജിനിഷയും ജിബിഷയും.