സൗദിയില്‍ ഉറ്റ സുഹൃത്ത് ചതിച്ചു, ഒടുവില്‍ ജീവിക്കാനായി ജോലി തേടി യുഎഇയിലെത്തി, കൊടും ദുരിതത്തില്‍ മലയാളി

ദുബായ്: സൗദിയില്‍ സുഹൃത്തിന്റെ വഞ്ചനയില്‍ പെട്ട് കടക്കാരന്‍ ആയി തീര്‍ന്ന മലയാളി ജോലി തേടി യുഎഇയില്‍ എത്തി മഹാമാരിയുടെ പ്രതിസന്ധിയില്‍ അകപ്പെട്ട് വലിയ ദുരിതത്തില്‍ ആയിരിക്കുകയാണ്. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി എ വിജയകുമാറാണ് അന്യനാട്ടില്‍ നിസാഹയാനായി ജീവിതം തള്ളി നീക്കുന്നത്. 51 കാരനായ ഇദ്ദേഹം രോഗി കൂടിയാണ്. 11 മാസം മുമ്പാണ് നിര്‍ബന്ധിത സാഹചര്യത്തില്‍ തൊഴില്‍ അന്വേഷിച്ച് നട്ടെല്ലിന് ക്ഷതമേറ്റ് നടക്കാന്‍ പ്രയാസമുള്ള വിജയകുമാര്‍ യുഎഇയില്‍ എത്തുന്നത്. നേരത്തെ എട്ട് വര്‍ഷത്തോളം സൗദിയില്‍ ആയിരുന്നു അദ്ദേഹം.

ജിസാനില്‍ സിവില്‍ ഫോര്‍മാനായി ജോലി ചെയ്ത് വരികയായിരുന്നു വിജയകുമാര്‍. 2004ല്‍ അദ്ദേഹം സുഹൃത്തുമായി ചേര്‍ത്ത് ഒരു സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിച്ചു. ഇതിനിടെ നട്ടെല്ലിന് പരുക്ക് പറ്റി. തുടര്‍ന്ന് നാട്ടില്‍ പോയി തിരികെ എത്തിയപ്പോള്‍ പാര്‍ട്ണര്‍ സുഹൃത്ത് സൂപ്പര്‍മാര്‍ക്കറ്റ് നഷ്ടത്തില്‍ ആയെന്നും 1,85,000 റിയാല്‍ നല്‍കണമെന്നും ആവശ്യപ്പെട്ടു വഞ്ചിച്ചു. തുടര്‍ന്ന് ജയിലില്‍ ആകാതിരിക്കാന്‍ സൗദിയിലെ സുഹൃത്തുക്കളില്‍ നിന്നും കടം വാങ്ങി പണം നല്‍കി. പിന്നാലെ നാട്ടിലേക്ക് മടങ്ങി. സ്ഥലം വിറ്റ് കടം വീട്ടാന്‍ ശ്രമം നടത്തി. ഇനിയും 18, 40,000 രൂപ ബാക്കി നല്‍കാനുണ്ട്.

എന്നാല്‍ ഈ പണം തിരികെ നല്‍കാനായില്ല. ഭാര്യയും മക്കളും പട്ടിണിയില്‍ ആവുകയും ചെയ്തു. ഇതോടെ ജീവന്‍ പോലും ഒടുക്കാന്‍ വിജയകുമാര്‍ ശ്രമം നടത്തി. എന്നാല്‍ മക്കളുടെയും ഭാര്യയുടെയും മുഖമാണ് തന്റെ മനസ്സ് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ജനുവരി 30ന് സുഹൃത്ത് നല്‍കിയ സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തി. ഒരു ജോലിക്കായി നിരവധി കമ്പനികള്‍ കേറിയിറങ്ങി നടന്നു. എന്നാല്‍ പ്രായവും നട്ടെല്ലിനേറ്റ പരുക്കും ജോലി ലഭിക്കുന്നതില്‍ തടസമായി.

ജോലി അന്വേഷിക്കുന്നതിനിടെ കോവിഡ് 19 വ്യാപിക്കുകയും ചെയ്തു. ഇതോടെ തൊഴില്‍ അന്വേഷണവും വഴിമുട്ടി. നാട്ടിലേക്ക് തിരിച്ചു പോരാനായി ശ്രമിങ്ങള്‍ നടത്തിയെങ്കിലും വിമാന ടിക്കറ്റ് എടുക്കാന്‍ പോലും കയ്യില്‍ പണമില്ല. മാത്രമല്ല, വന്‍ കടബാധ്യത തീര്‍ക്കാനായി അഞ്ച് ലക്ഷം സുഹൃത്തിനോട് കടം വാങ്ങിയിരുന്നു. ഈ മാസം 9ന് അദ്ദേഹത്തിന്റെ മകളുടെ വിവാഹമാണ്. ആ സമയത്തെങ്കിലും പണം തിരികെ കൊടുക്കണം. ഇല്ലെങ്കില്‍ അവര്‍ പ്രതിസന്ധിയിലാവും. നാട്ടില്‍ ആരും സഹായിക്കാനില്ല. സുമനസുള്ളവര്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ് വിജയകുമാര്‍. +971 55879 4008 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്..