വാട്സ്‌ആപ്പ് കോള്‍ ചെയ്ത സുഹൃത്തുക്കളോട് പറഞ്ഞത് താന്‍ സേഫാണെന്ന്; കിരണ്‍ ഓടി മറയുന്നതും വാട്സ്‌ആപ്പ് കോള്‍ മറുപടിയും തമ്മില്‍ മിനിറ്റുകളുടെ വ്യത്യാസം മാത്രം

തിരുവനന്തപുരം: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍സുഹൃത്തിനെ കാണാനായി അഴിമലയിലെത്തി ദുരൂഹ സാഹചര്യത്തില്‍ കാണാതായ കിരണി (25) ന്റേതെന്നു സംശയിക്കുന്ന മൃതദേഹം ഇന്നലെയാണ് തമിഴ്നാട് കൊല്ലങ്കോടിനു സമീപം ഇരയിമ്മന്‍തുറ തീരത്തു കണ്ടെത്തിയത്. ഇതിനു പിന്നാലെ കിരണിന്റേത് കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കളും രം​ഗത്തെത്തിയിരുന്നു. ഏറെ ദുരൂഹതകള്‍ നിറയ്ക്കുന്നതാണ് കിരണിന്റെ തിരോധാനം.

കിരണ്‍ ഓടിപ്പോകുന്ന കോണ്‍ക്രീറ്റ് റോഡ് കടല്‍ തീരം വരെ ഇല്ല. ഏകദേശം 100 മീറ്റര്‍ മുന്‍പ് അവസാനിക്കുകയാണ്. തുടര്‍ന്ന് ചെറിയ നടവഴിയും പാറക്കെട്ടു നിറഞ്ഞ ഭാഗവുമാണ്. ഇതിനു ശേഷമാണ് കടല്‍. ഓടി വന്നു കടലില്‍ വീഴാനുള്ള സാധ്യതയും വിരളമാണ്. തീരത്തേക്കു പോകുന്ന റോഡിലൂടെ കിരണ്‍ പരിഭ്രാന്തനായി ഓടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ ലഭിച്ചിരുന്നു. അക്രമികളില്‍ ഒരാള്‍ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയതിനു പിന്നാലെ കിരണിനെ വാട്സ്‌ആപ്പ് കോള്‍ ചെയ്ത സുഹൃത്തുക്കളോട് താന്‍ സേഫ് ആണ് എന്നാണ് മറുപടി നല്‍കിയത്. കടലിനു സമീപത്തെ റോഡിലേക്ക് ഓടിപ്പോകുന്ന വിഡിയോ ദൃശ്യത്തിനു ശേഷമുള്ള സമയത്താകാം കിരണിന്റെ മറുപടി എന്നാണ് വിഴിഞ്ഞം പൊലീസിന്റെ നി​ഗമനം. കിരണ്‍ ഓടി മറയുന്നതും വാട്സ് ആപ് കോള്‍ മറുപടിയും തമ്മില്‍ ഏകദേശം 5 മിനുട്ടുകളുടെ വ്യത്യാസം മാത്രമാണെന്നാണ് പൊലീസ് കരുതുന്നത്.

ഫോണിലെ സാങ്കേതിക തടസ്സം കാരണം കോള്‍ സമയം കൃത്യമായി കണ്ടെടുക്കാനാകുന്നില്ലെന്നും പൊലീസ് പറഞ്ഞു. ഈ കോളിനു ശേഷം എന്തു സംഭവിച്ചു എന്നതിലാണ് പ്രധാനമായും വ്യക്തത വരേണ്ടത്ഫെയ്സ് ബുക്കു വഴി പരിചയപ്പെട്ട പെണ്‍സുഹൃത്തിനെ കിരണ്‍ വീടിനു സമീപം കണ്ടു മടങ്ങുന്നതിനിടെ പെണ്‍കുട്ടിയുടെ സഹോദരന്‍ ഉള്‍പ്പടെയുള്ള സംഘം വാഹനങ്ങളിലെത്തി തങ്ങളെ തടഞ്ഞു മര്‍ദിച്ചുവെന്നാണ് കിരണിന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ പൊലീസിനോട് പറഞ്ഞത്. പൊലീസ് എത്തുമെന്നു പറഞ്ഞ് കിരണിനെ ബൈക്കിലും തങ്ങളെ കാറിലും കയറ്റി കൊണ്ടു പോയെന്നും ഇതിനിടെ കിരണിനെ കാണാതായെന്നും ഇവര്‍ പൊലീസിനോട് വെളിപ്പെടുത്തി. അന്വേഷിച്ചപ്പോള്‍ കിരണ്‍ മൂത്രശങ്ക മാറ്റാന്‍ പോയെന്നും പറഞ്ഞ് തങ്ങളെ അസഭ്യവര്‍ഷത്തോടെ ഭീഷണിപ്പെടുത്തി മടക്കിയയച്ചെന്നും അവര്‍ പറഞ്ഞു.

ഇന്നലെ പുലര്‍ച്ചെയോടെയാണ് 25- 30 വയസ്സ് പ്രായമുള്ളയാളുടെ മൃതദേഹം കരയ്ക്കടിഞ്ഞത്. വസ്ത്രങ്ങള്‍ ഇല്ലായിരുന്നു. വലതു കയ്യിലെ വെളുത്ത ചരടും കാല്‍ വിരലുകളുടെ പ്രത്യേകതയും കണ്ടാണു ബന്ധുക്കള്‍ മൃതദേഹം കിരണിന്റേതാണെന്ന് ഉറപ്പിച്ചതെന്നു പൊലീസ് പറഞ്ഞു. ഡിഎന്‍എ പരിശോധന ഫലം ലഭിച്ചതിനു ശേഷമായിരിക്കും കിരണിന്റെ മൃതദേഹമെന്ന് സ്ഥിരീകരിക്കുക. പള്ളിച്ചല്‍ മൊട്ടമൂട് വള്ളോട്ടുകോണം മേക്കുംകര പുത്തന്‍ വീട്ടില്‍ മധു-മിനി ദമ്ബതിമാരുടെ മൂത്ത മകന്‍ കിരണിനെ കഴിഞ്ഞ 9 ന് ഉച്ചകഴിഞ്ഞാണു കാണാതായത്. ബന്ധുക്കളായ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം ആഴിമല സ്വദേശിനിയെ കാണാനാണു കിരണ്‍ എത്തിയത്.