പിടി തോമസിന് 100 കോടിയുടെ വക്കീല്‍ നോട്ടീസയച്ച് കിറ്റെക്‌സ് ഗ്രൂപ്പ്

കൊച്ചി: കടമ്പ്രയാര്‍ മലിനീകരിക്കുന്നതില്‍ കിറ്റെക്സിന് പങ്കുണ്ടെന്ന് ആവര്‍ത്തിച്ച് പി.ടി. തോമസ്. എന്നാല്‍ അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ചതിന് 100 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പി.ടി. തോമസ് എം.എല്‍.എയ്ക്ക് കിറ്റെക്സ് ഗ്രൂപ്പ് വക്കീല്‍ നോട്ടീസയച്ചു.

അതേസമയം, ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിലാണ് ആരോപണമുന്നയിച്ചതെന്ന് പി.ടി. തോമസ് എം.എല്‍.എ പറഞ്ഞു. സുപ്രീംകോടതി നിഷ്‌കര്‍ഷിക്കുന്ന സീറോ ലിക്വിഡ് ഡിസ്ചാര്‍ജ് സംവിധാനം കിറ്റെക്‌സില്‍ സ്ഥാപിച്ചിട്ടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്ന് രേഖ ലഭിച്ചിട്ടുണ്ട്. വിവിധ സമിതികളും സര്‍ക്കാരും നിര്‍ദ്ദേശിച്ച നടപടികളും സ്വീകരിച്ചിട്ടില്ല.

ആരോപണങ്ങള്‍ തെളിയിച്ചാല്‍ പി.ടി. തോമസിന് 50 കോടി നല്‍കുമെന്ന് കിറ്റെക്‌സ് മാനേജിംഗ് ഡയറക്ടര്‍ സാബു എം. ജേക്കബ് പ്രഖ്യാപിച്ചിരുന്നു. ഏഴു ദിവസം കഴിഞ്ഞും തെളിവ് ഹാജരാക്കാത്തതിനാലാണ് നോട്ടീസ് നല്‍കിയതെന്ന് സാബു ജേക്കബ് പറഞ്ഞു. കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, കിറ്റെക്‌സ് ചില്‍ഡ്രന്‍സ് വെയര്‍, കിറ്റെക്‌സ് ലിമിറ്റഡ് എന്നീ കമ്പനികള്‍ ചേര്‍ന്നാണ് നോട്ടീസ് നല്‍കിയത്.