കൊട്ടിക്കലാശം, കൊല്ലം കരുനാഗപ്പള്ളിയില്‍ സംഘര്‍ഷം, എംഎല്‍എയ്ക്കും നാലു പോലീസുകാര്‍ക്കും പരിക്ക്

കൊല്ലം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടെ കൊല്ലം കരുനാഗപ്പള്ളിയിൽ സംഘർഷം. സിപിഐഎം – കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ സി ആർ മഹേഷിന് എംഎൽഎയ്ക്കും പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. കല്ലേറിലാണ് പരിക്കേറ്റത്. സംഘർഷത്തിൽ സിപിഐഎം സംസ്ഥാന സമിതി അംഗം സൂസൻ കോടിക്കും പരിക്കേറ്റു.

പ്രശ്‌നരപരിഹാരത്തിനെത്തിയ എംഎല്‍എയ്ക്ക് നേരെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞുവെന്ന് യുഡിഎഫ് ആരോപിച്ചു. എംഎല്‍എയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷം തടയാനുള്ള ശ്രമത്തിനിടെ സി.ഐ മോഹിത് ഉള്‍പ്പടെയുള്ള നാലുപോലീസുകാര്‍ക്കും പരിക്കേറ്റു. സംഘര്‍ഷത്തിലേര്‍പ്പെട്ട പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ മൂന്ന് തവണ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലാണ് കരുനാഗപ്പള്ളി നിയമസഭാ മണ്ഡലം ഉള്‍പ്പെടുന്നത്.

കൊട്ടിക്കലാശത്തിനിടെ സംസ്ഥാനത്ത് മറ്റു അഞ്ചിടങ്ങളിലും സംഘര്‍ഷമുണ്ടായി. മലപ്പുറം, ആറ്റിങ്ങല്‍, മാവേലിക്കര, ഇടുക്കി, പത്തനാപുരം എന്നിവിടങ്ങളിലാണ് സംഘര്‍ഷമുണ്ടായത്. മലപ്പുറത്ത് എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതോടെ പോലീസ് ലാത്തിവീശി.