കോതമംഗലത്ത് വീട്ടമ്മയെ തലയ്ക്കടിച്ച് കൊന്നു, പോലീസ് അന്വേഷണം ആരംഭിച്ചു

കോതമംഗലം. കോതമംഗലത്ത് വീട്ടമ്മ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍. കോതമംഗലം കള്ളാടാണ് സംഭവം. ചെങ്ങാമനാട്ട് ഏലിയാസിന്റെ ഭാര്യ സാറാമ്മയാണ് കൊല്ലപ്പെട്ടത്. മോഷണത്തിനിടെ നടന്ന കൊലപാതകമാണെന്നാണ് പ്രഥമിക നിഗമനം.

തിങ്കളാഴ്ച 1.30നും 3.30നും ഇടയിലാണ് കൃത്യം നടന്നത്. സംഭവസമയം സാറാമ്മ വീട്ടില്‍ തനിച്ചായിരുന്നു. ജോലി കഴിഞ്ഞ മൂന്നരയോടെ വീട്ടില്‍ തിരിച്ചെത്തിയ മരുമകളാണ് സംഭവം ആദ്യം കണ്ടത്. ഇരുമ്പുപോലുള്ള കനമുള്ള വസ്തുകൊണ്ട് തലയ്ക്കടിയേറ്റ് നിലത്തുവീണ നിലയിലായിരുന്നു മൃതദേഹം.

സാറാമ്മ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് ഈ രീതിയിലുള്ള സംഭവങ്ങള്‍ മുമ്പ് ഉണ്ടായിട്ടുണ്ടെന്നും കൃത്യമായ അന്വേഷണം നടത്തുമെന്നും എംഎല്‍എ പറഞ്ഞു.