കുട്ടിയെ തട്ടിക്കൊണ്ടുപോയ കളമശ്ശേരി സ്വദേശിനി കസ്റ്റഡിയിൽ, ഒപ്പം മറ്റൊരു ആൺകുട്ടിയും

കോട്ടയംമെഡിക്കൽ കോളേജിൽ നിന്ന് കടത്തിക്കൊണ്ടുപോയ കുഞ്ഞിനെ തിരികെ കിട്ടി. കുഞ്ഞിനെ തട്ടിയെടുത്ത കളമശേരി സ്വദേശിനി നീതു പോലീസ് പിടിയിൽ. നഴ്‌സിന്റെ വേഷംകെട്ടി വന്ന നീതു ഡോക്ടറെ കാണിക്കാനെന്നും പറഞ്ഞാണ് അമ്മയിൽ നിന്ന് കുഞ്ഞിനെ വാങ്ങിപ്പോയത്. സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളിൽ ആശുപത്രിക്ക് മുന്നിലുള്ള ഹോട്ടലിന് സമീപത്തുനിന്ന് കണ്ടെത്തുകയായിരുന്നു. കടത്തിക്കൊണ്ടുപോയ രണ്ടു ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ പൊലീസ് അമ്മയ്ക്കു കൈമാറി.

വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം നടന്നത്. സംഭവം പുറത്തറിഞ്ഞതോടെ പോലീസ് ആശുപത്രി പരിസരത്തും മറ്റും അന്വേഷണം വ്യാപകമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ആശുപത്രിക്ക് സമീപത്തുള്ള ഹോട്ടലിന് മുന്നിൽനിന്ന് കുട്ടിയെ കണ്ടെത്തിയത്. കുഞ്ഞിനെ ചോദിച്ചുകൊണ്ട് ഗൈനക്കോളജി വാർഡിൽ നഴ്സിന്റെ വസ്ത്രം ധരിച്ചെത്തുകയായിരുന്നു നീതു. കുട്ടിക്ക് ചില പ്രശ്നങ്ങളുണ്ടെന്നും ഡോക്ടർ പരിശോധിക്കണമെന്നും അറിയിച്ചാണ് കുട്ടിയുടെ അമ്മയിൽ നിന്നും ഇവർ കുഞ്ഞിനെ വാങ്ങിയത്. തുടർന്ന് ഈ സ്ത്രീ കുഞ്ഞിനേയും എടുത്ത് ആശുപത്രിക്ക് പുറത്തേക്ക് പോവുകയായിരുന്നു.

ഏറെനേരം കഴിഞ്ഞിട്ടും കുഞ്ഞിനെ കാണാതായതോടെയാണ് കുട്ടിയുടെ അമ്മ നഴ്സിങ് സ്റ്റേഷനിലെത്തി കാര്യങ്ങൾ തിരക്കിയപ്പോൾ നഴ്സുമാരാരും കുഞ്ഞിനെ ആവശ്യപ്പെട്ട് ചെന്നിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്. ഇതോടെ പരിഭ്രാന്തരായ കുഞ്ഞിന്റെ അമ്മയും ബന്ധുക്കളും ബഹളം വയ്ക്കുകയും പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. ഇളം റോസ് നിറത്തിലുള്ള ചുരിദാർ ധരിച്ച സ്ത്രീ കുട്ടിയേയും എടുത്ത് ആശുപത്രിക്ക് പുറത്തേക്ക് പോകുന്ന ദൃശ്യങ്ങൾ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ചിരുന്നു. ഈ സ്ത്രീ ഇതിനുമുമ്പും വേഷംമാറി ആശുപത്രി പരിസരത്ത് വന്നിട്ടുണ്ടെന്ന് ആശുപത്രി അധികൃതരും സമീപമുള്ള ദൃക്സാക്ഷികളും പറഞ്ഞു. തുടർന്നാണ് ഇവരെ പിടികൂടുന്നത്.

പോലീസ് നടത്തിയ അന്വേഷണത്തിലാണ് നിമിഷങ്ങൾക്കുള്ളിൽ തന്നെ ഇവർ കുടുങ്ങിയത്. നവജാത ശിശുവിനെ കടത്തിയത് കളമശേരി സ്വദേശിനി നീതുവാണെന്ന് തിരിച്ചറിയുകായയിരുന്നു. കുഞ്ഞിനെ വിറ്റ് സാമ്പത്തിക ബാധ്യത തീർക്കുകയായിരുന്നു ലക്ഷ്യമെന്നു നീതു പൊലീസിനു മൊഴി നൽകി. ആശുപത്രിക്ക് സമീപമുള്ള ഹോട്ടലിൽ നടത്തിയ തിരച്ചിലിലാണ് നീതുവിന്റെ പക്കൽനിന്നും കുട്ടിയെ കണ്ടെത്തിയത്.
ചൊവ്വാഴ്ചയാണ് എട്ടുവയസ്സുള്ള ആൺകുട്ടിയുമായി ഇവർ ബാർ ഹോട്ടലിൽ റൂമെടുത്തത്. ഇന്നലെയും മെഡിക്കൽ കോളജിലെത്തി.