ഇനി ഞായറാഴ്ച മാത്രം ലോക്ക്ഡൗണ്‍; കടകള്‍ ആറ് ദിവസം തുറക്കാം; പ്രഖ്യാപനം നാളെ

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലെ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ മാറ്റംവരുത്താന്‍ തീരുമാനം. ശനിയാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കി. എന്നാല്‍ ഞായറാഴ്ച ലോക്ഡൗണ്‍ തുടരും. ബുധനാഴ്ച നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും. ഞായര്‍ ഒഴികെയുള്ള ആറു ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കും. സ്വാതന്ത്ര്യദിനത്തിലും മൂന്നാം ഓണ ദിനത്തിലും (അവിട്ടം) ലോക്ക്ഡൗണ്‍ ഉണ്ടാകില്ല.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി പി ആര്‍) അടിസ്ഥാനമാക്കിയുള്ള നിയന്ത്രണം ഒഴിവാക്കും. പകരം ഒരാഴ്ചയിലെ രോഗികളുടെ കണക്കുനോക്കി മേഖല നിശ്ചയിച്ചു നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം. നൂറില്‍ എത്ര പേര്‍ രോഗികള്‍ എന്ന് കണക്കാക്കിയാകും മേഖല നിശ്ചയിക്കുക. കൂടുതല്‍ രോഗികള്‍ ഉള്ള സ്ഥലത്ത് കടുത്ത നിയന്ത്രണവും കുറവുള്ള സ്ഥലങ്ങളില്‍ ഇളവും ഏര്‍പ്പെടുത്തും.

ചൊവ്വാഴ്ച ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്. നേരത്തെ ടി പി ആര്‍ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. പ്രതിപക്ഷവും വ്യാപാര സംഘടനകളും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്​.