ജീവിതത്തിലെ ബുദ്ധിമുട്ടുകൾക്കിടയിലും സത്യസന്ധതകാട്ടി, റോസിലിന് ഒരു കോടി സമ്മാനിച്ച് ഭാഗ്യദേവത

ചോര്‍ന്നൊലിയ്ക്കുന്ന വീട്, രോഗിയായ ഭര്‍ത്താവ്, പെണ്‍മക്കളെ കെട്ടിച്ചയച്ചതിന്റെ കടബാധ്യത വേറെ. പ്രതിസന്ധികൾക്കിടയിലും കളഞ്ഞുകിട്ടിയ സ്വര്‍ണ്ണം വിമാനത്താവളം അധികൃതരെ ഏല്‍പ്പിച്ച് അത്താണി മാര്‍ ആത്തനാസിയോസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിനു സമീപം ദേശീയ പാതയോരത്തെ പുറമ്പോക്കില്‍ താമസിയ്ക്കുന്ന റോസിലി. കേരള ലോട്ടറിയുടെ മണ്‍സൂണ്‍ ബമ്പര്‍ പത്തുകോടി ഒന്നാം സമ്മാനം അടിച്ച ടിക്കറ്റ് വിറ്റ വകയില്‍ ഒരു കോടി 20 ലക്ഷം രൂപയാണ് റോസിലിക്ക് ലഭിച്ചത്. അത് താൻ കാട്ടിയ സത്യസന്ധതയ്ക്കുള്ള ഫലമാണ് ഇതെന്നാണ് റോസി കരുതുന്നത്.

അത്താണി മാര്‍ ആത്തനാസിയോസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിനു സമീപം ദേശീയ പാതയോരത്തെ പുറമ്പോക്കിലാണ് റോസ്ലിയുടെ താമസം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലോട്ടറി ടിക്കറ്റ് വിറ്റാണ് റോസിലിന്റെ ഉപജീവനം.

വിമാനത്താവളമായതുകൊണ്ടുതന്നെ ടിക്കറ്റെടുക്കുന്നതില്‍ പതിവുകാരില്ല. വിദേശത്തുനിന്നുമെത്തിയ വിമാനങ്ങളിലൊന്നിലെ നാട്ടുകാരനായ യാത്രക്കാരന്‍ തന്റെ ദൈന്യത കണ്ടെടുത്ത ടിക്കറ്റുകളിലൊന്നിനാണ് സമ്മാനം അടിച്ചത്. അടിച്ചാല്‍ പാതി ചേച്ചിയ്‌ക്കെന്ന് വാക്കു നല്‍കിയ യുവാവിനാണ് സമ്മാനം അടിച്ചതെന്ന് റോസിലിന്‍ ഉറപ്പിയ്ക്കുന്നു.സമ്മാനത്തില്‍ പാതിയൊന്നും ഇല്ലെങ്കിലും കമ്മീഷന്റെ ഒരു കോടിയില്‍ തന്നെ റോസിലിന്‍ ഹാപ്പിയാണ്.