തമിഴ് നടൻ മോശമായി ടച്ച് ചെയ്തു ആരും പ്രതികരിച്ചില്ല, പലരും അതിനെ കോമഡിയാക്കി- മാലാ പാർവതി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മാലാ പാര്‍വ്വതി. കൈ നിറയെ ചിത്രങ്ങളുമായി തിളങ്ങി നില്‍ക്കുകയാണ് താരം. ഇപ്പോഴിതാ തനിക്ക് ഒരു സെറ്റില്‍ വച്ചുണ്ടായ മോശം അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് മാല പാര്‍വ്വതി

മൂന്നാമത്തെ പടം. സിബി സാറിന്റെ പടമാണ്. അതിലൊരു തമിഴ് നടനുണ്ടായിരുന്നു. അയാള്‍ കുറച്ച് മോശമായി ടച്ച് ചെയ്തു. അവിടെയുള്ളവര്‍ക്കെല്ലാം അറിയാം. സാറിനും അറിയാം. എല്ലാവരുടേയും മുന്നില്‍ വച്ച് ഷോട്ടിനിടെയായിരുന്നു. ഞാന്‍ ഭയങ്കരമായി അപ്‌സെറ്റായി. അന്ന് രാത്രി ഞാന്‍ സതീഷിനെ വിളിച്ച് തിരിച്ചു വരാന്‍ പോവുകയാണ് എനിക്ക് പറ്റുന്നില്ലെന്ന് പറഞ്ഞു. നിന്നോട് ആരെങ്കിലും പറഞ്ഞുവോ, തോറ്റിട്ട് വരാന്‍ പറ്റില്ലെന്ന് സതീഷ് പറഞ്ഞു.

2009 ലാണ് സംഭവം. പിന്നെയാണ് നിയമമൊക്കെ വന്നത്. ആരും പിന്തുണയ്ക്കാന്‍ വന്നില്ലെന്നും താരം പറയുന്നുണ്ട്. പിറ്റേന്ന് ഒരാള്‍ ചോദിച്ചത് ചേച്ചിയെ ഇന്നലെ ഉരുട്ടി പെരട്ടിയെന്ന് കേട്ടല്ലോ എന്നായിരുന്നുവെന്നും മാലാ പാര്‍വ്വതി പറയുന്നുണ്ട്. അങ്ങനെ കോമഡിയാക്കുകയായിരുന്നു ചെയ്തതെന്നാണ് താരം പറയുന്നത്. അതേസമയം നിര്‍ഭയ കേസും തുടര്‍ന്ന് വന്ന നിയമവുമൊക്കെ കാരണവുമാണ് ഇന്ന് സ്ത്രീ, ശരീരം എന്നൊക്കെ പറയാന്‍ സാധിക്കുന്നതെന്നും താരം പറയുന്നു.

അന്ന് താന്‍ ടെലിവിഷനിലും മറ്റുമായി ആളുകള്‍ അറിയുന്ന ആളായിരുന്നു. അതിനാല്‍ മറ്റാരും തന്നെ ഒന്നും ചെയ്യില്ലായിരുന്നു. എന്നാല്‍ അയാള്‍ക്ക് തന്നെ അറിയില്ലായിരുന്നുവെന്നാണ് താരം പറയുന്നത്. രാത്രി പന്ത്രണ്ട് മണിയ്ക്കായിരുന്നു ഷോട്ട് എടുത്തത്. സാര്‍ അയാളോട് കൈയ്യുടെ മൂവ്‌മെന്റ് ഒഴിവാക്കി എടുക്കാമെന്ന് പറഞ്ഞു. പിന്നീട് അഭിനയിക്കുമ്പോള്‍ തനിക്ക് ഡയലോഗ് തെറ്റിപ്പോയെന്നും അതിന് തന്നെ വഴക്കു പറഞ്ഞുവെന്നും മാല പാര്‍വ്വതി ഓര്‍ക്കുന്നുണ്ട്.