ക്ലാസിൽ കയറാത്ത നേതാവിനു ഹാജർ നല്കാൻ എസ്.എഫ്.ഐ യുടെ അഴിഞ്ഞാട്ടം, വനിതാ പ്രിൻസിപ്പാളിനു തെറിവിളി, ഭീഷണി

ക്ളാസിൽ കയറാതെ ഉഴപ്പും, സംഘടനാ പ്രവർത്തനവുമായി നടന്ന എസ്.എഫ്.ഐ നേതാവിനു ഹാജർ രേഖപെടുത്തണം എന്നാവശ്യപ്പെട്ട് മാധവ കവി സ്മാരക ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ സംഘട്ടനം. എസ്.എഫ്.ഐ പ്രവർത്തകർ പ്രിൻസിപ്പാളുടെ മുറിയിൽ കയറി നേതാവിനു ഹാജർ നല്കണം എന്നാവശ്യപ്പെട്ട് ഭീഷണിപെടുത്തുകയും തടഞ്ഞ് വയ്ക്കുകയും ചെയ്തു. സംഭവത്തിൽ യൂണിയൻ ചെയർമാൻ ഉൾപ്പെടെ അഞ്ച് എസ്എഫ്ഐ പ്രവർത്തകരെ അന്വേഷണ വിധേയമായി കോളേജിൽ നിന്നുംസസ്പെൻഡ് ചെയ്തു.

വിവരം പുറത്തായതോടെ എസ്.എഫ്.ഐ നേതൃത്വവും വെട്ടിലായി. കോളജ് യൂണിയൻ മുൻ ജനറൽ സെക്രട്ടറിസൗരവിന് ഹാജർ കുറവായതിനാൽ സർവകലാശാല പരീക്ഷ എഴുതാനുള്ള അനുമതി ലഭിക്കുകയില്ല. 65 % ഹാജർ ഉണ്ടെങ്കിലേ പരീക്ഷ എഴുതാൻ സാധിക്കൂ. അല്ലാത്ത പക്ഷം റോൾ ഔട്ട് ആകും. പക്ഷേ, സൗരവിന് 17 % മാത്രമ‌േ ഹാജർ ഉള്ളൂ എന്ന് അധ്യാപകർ പറഞ്ഞു. സൗരവിന് ഹാജർ കൂട്ടി നൽകണം എന്നാവശ്യപ്പെട്ടു എസ്എഫ്ഐ പ്രവർത്തകർ ചെയർമാന്റെ നേതൃത്വത്തിൽ പ്രിൻസിപ്പലിന്റെ ക്യാബിനിലേക്കു അതിക്രമിച്ചു കയറിയത്.

അനധികൃതമായി ഹാജർ നൽകാൻ തയാറല്ലെന്നു പ്രിൻസിപ്പലും ഇംഗ്ലിഷ് ഡിപ്പാർട്‌മെന്റ് അധ്യാപകരും അറിയിച്ചതോടെ പ്രവർത്തകർ ഭീഷണി മുഴക്കി. പ്രിൻസിപ്പലിനോട് കയർത്തു അപമര്യാദയായി പ്രവർത്തകർ സംസാരിച്ചു. പലതവണ ഓഫിസ് മുറിയിൽ അതിക്രമിച്ചു കയറി ഇത് ആവർത്തിച്ചു. ഉച്ചയ്ക്കു നടക്കുന്ന രണ്ടാം വർഷ വിദ്യാർഥികളുടെ സർവകലാശാല പരീക്ഷ തടസ്സപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി .പിന്നാലെ ആണ് പ്രിൻസിപ്പൽ പൊലീസിനെ സമീപിച്ചത്.പ്രിൻസിപ്പാളിനെതിരെ വധ ഭീഷണി വരെ നിലനില്ക്കുകയാണ്‌.അതും വനിതാ പ്രിൻസിപ്പാളാണ്‌ എന്നതു പോലും എസ്.എഫ്.ഐ നേതാക്കൾ ഓർക്കാൻ മറന്നു. മാനസീക സമ്മർദ്ദത്തിലും ഭയത്തിലും ആയ പ്രിൻസിപ്പാൾ ജോലി പോലും ചെയ്യാൻ ആവാത്ത വിധം ഭീതിയിലാണ്‌.

യൂണിയൻ ചെയർമാനായ രണ്ടാം വർഷ ബികോം വിദ്യാർഥി അജിത് ബാബു, മുൻ ജനറൽ സെക്രട്ടറി മൂന്നാം വർഷ ബിഎ ഇംഗ്ലിഷ് വിദ്യാർഥി സൗരവ്, മുൻ ചെയർമാൻ മൂന്നാം വർഷ ബിഎസ്‌സി വിദ്യാർഥി അജയ്, മാഗസിൻ മുൻ എഡിറ്റർ മൂന്നാം വർഷ ബിഎ ഇംഗ്ലിഷ് പഠിക്കുന്ന ഐശ്വർ കൃഷ്ണ, പ്രവർത്തകനായ മൂന്നാം വർഷ ബിഎ ഇംഗ്ലിഷ് വിദ്യാർഥി അദിത് ചന്ദ്രൻ എന്നിവരെയാണ് അടുത്ത മാസം ഒന്ന് വരെ സസ്പെൻഡ് ചെയ്തത്. ഇവരുടെ ഭീഷണി തുടരുന്ന സാഹചര്യത്തിൽ പ്രിൻസിപ്പൽ ചാന്ദിനി മലയിൻകീഴ് പൊലീസിൽ രേഖാമൂലം വിവരങ്ങൾ അറിയിച്ചു. കോളജിന്റെ സുഗമമായ നടത്തിപ്പിന് പൊലീസിന്റെ സഹായവും തേടി.