കൊറിയർ വഴി തൃശൂരിലേക്ക് കഞ്ചാവ് അയച്ച യുവാവ് പിടിയിൽ

ബം​ഗളൂരുവിൽ നിന്നു കൊറിയർ വഴി തൃശൂരിലേക്ക് കഞ്ചാവ് അയച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കുന്നംകുളം ആനായ്ക്കൽ സ്വദേശി വൈശാഖാണ് പിടിയിലായത്. ഡാർക് ഫാന്റസി ബിസ്കറ്റിന്റെ പാക്കിലാണ് കഞ്ചാവ് എത്തിച്ചത്. ഇതു വാങ്ങാൻ കൊറിയർ ഏജൻസിയിൽ എത്തിയപ്പോഴാണ് 22കാരൻ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെ പിടിയിലായത്.

ബം​ഗളൂരുവിൽ നിന്നു ശേഖരിച്ച കഞ്ചാവ് വൈശാഖ് തന്നെയാണ് കന്നംകുളത്തേക്ക് കൊറിയർ അയച്ചത്. സ്വകാര്യ കൊറിയർ ഏജൻസി വഴി ക്രാഫ്റ്റ്മാൻ എന്ന വ്യാജ കമ്പനിയുടെ പേരിലാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. കൊറിയർ ഏജൻസിയിൽ കഞ്ചാവ് വാങ്ങാൻ ഇയാൾ എത്തുമെന്നു മനസിലാക്കിയാണ് ഇവിടെ എത്തി അറസ്റ്റ് ചെയ്തത്. പാക്കറ്റിൽ 100 ​ഗ്രാം കഞ്ചാവായിരുന്നു.

കഞ്ചാവ് വിൽപ്പനയുണ്ടെന്ന ര​ഹസ്യ വിവരം കിട്ടിയതിനെ തുടർന്നു വൈശാഖ് കുറച്ചു നാളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടെന്നാണ് പൊലീസ് നി​ഗമനം. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണെന്നു പൊലീസ് വ്യക്തമാക്കി.