മകന്റെ മരണാനന്തര ചടങ്ങിനിടെ സങ്കടം സഹിക്കവയ്യാതെ അച്ഛന്‍ കുഴഞ്ഞു വീണ് മരിച്ചു

തിരുവനന്തപുരം: മകന്റെ മരണത്തെ തുടര്‍ന്ന് സങ്കടവും മാനസിക പ്രയാസവും താങ്ങാനാവാതെ മരണാനന്തര ചടങ്ങുകള്‍ക്കിടെ അച്ഛന്‍ മരിച്ചു. നെടുമങ്ങാട് വേങ്കവിള പഴകുറ്റി ശോഭനാലയത്തില്‍ അരുണ്‍ എന്ന 29കാരന്റെ മരണാനന്തര ചടങ്ങിനിടെയാണ് പിതാവ് 60കാരന്‍ മുരളീധരനും മരിച്ചത്. അടുത്തടുത്ത ദിവസങ്ങളില്‍ മകനു് അച്ഛനും വിടവാങ്ങി.

അരുണ്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. നെടുമങ്ങാട്ടെ സ്വകാര്യ ബാങ്കില്‍ നിന്നും വായ്പയെടുത്ത് ആകെയുള്ള നാലുസെന്റ് വസ്തുവില്‍ വീടുവച്ചു. ലോണ്‍ തിരിച്ചടയ്ക്കുന്നതിനെച്ചൊല്ലിയുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് അരുണിന്റെ ആത്മഹത്യ. വീട് ജപ്തിചെയ്യുമെന്ന് ബാങ്കുകാര്‍ അരുണിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു.

ഐ.എസ്.ആര്‍.ഒ.യിലെ കരാര്‍ ജീവനക്കാരനായിരുന്ന അരുണിന് കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടു. തുടര്‍ന്ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്തു വരികയായിരുന്നു. ബാങ്കില്‍ വായ്പ അടയ്ക്കാന്‍ പോയ അരുണിനെ ബാങ്ക് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി എന്നാണ് വിവരം.

ബാങ്കില്‍ പോയി മടങ്ങി എത്തിയ അരുണ്‍ അന്ന് രാത്രി തൂങ്ങി മരിക്കുകയായിരുന്നു. അരുണിന്റെ മരണാനന്തരച്ചടങ്ങുകള്‍ വീട്ടില്‍ നടക്കുന്നതിനിടെ വ്യാഴാഴ്ച ഉച്ചയോടെ പിതാവ് മുരളീധരന്‍നായര്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.