വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ക്ക് തീവെച്ച് അജ്ഞാതന്‍ ; സംഭവം തിരുവനന്തപുരത്ത്

വെഞ്ഞാറമൂട്: രാത്രിയിൽ വീട്ടുവളപ്പിൽ കയറിയ അജ്ഞാതന്‍ മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന പുത്തന്‍ കാറുകള്‍ക്ക് തീവെച്ചു. വെഞ്ഞാറമൂട് വലിയകട്ടയ്ക്കാല്‍ മുരുകവിലാസത്തില്‍ മുരുകന്റെ വീട്ടുമുറ്റത്ത് പാര്‍ക്കുചെയ്തിരുന്ന ഫോര്‍ച്യൂണര്‍, ആള്‍ട്രോസ് കാറുകളാണ് ഇന്നലെ അര്‍ദ്ധരാത്രിയോടെ കത്തിച്ചത്.

മറ്റൊരു കാറില്‍ എത്തിയവരില്‍ ഒരാള്‍ മാസ്‌കും തൊപ്പിയും ധരിച്ച് വീട്ടുമുറ്റത്തെത്തി കുപ്പികളില്‍ കൊണ്ടുവന്ന പെട്രോള്‍ കാറുകളില്‍ ഒഴിക്കുന്നതിന്റെയും തീയിടുന്നതിന്റെയും സിസി ടിവി ദൃശ്യങ്ങളിലുണ്ട്. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.

കാർ കത്തുന്ന ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ ഉടന്‍തന്നെ തീ അണച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി. അക്രമി എത്തിയ കാറിന്റെ നമ്പര്‍ സിസിടിവി ദൃശ്യത്തിൽവ്യക്തമല്ല. ആറുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് വീട്ടുകാര്‍ പറയുന്നത്. മുരുകന്‍ വര്‍ഷങ്ങളായി ഗള്‍ഫിലാണ്. സംഭവം നടക്കുമ്പോള്‍ മുരുകന്റെ അച്ഛനും അമ്മയും മരുമകളും കുഞ്ഞും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ