കനാലില്‍ യുവാവിന്റെ മൃതദേഹം, പുറത്തെത്തിയത് കൊലപാതകം, പിടിയിലായത് ഉറ്റ സുഹൃത്തുക്കള്‍

തൃശൂര്‍: അതി വിദഗ്ധമായി ഒളിപ്പിക്കാന്‍ ശ്രമിച്ച കൊലപാതക വിവരം പുറത്ത് കൊണ്ടുവന്ന് പോലീസ്. കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റേത് കൊലപാതകം ആണെന്ന് വ്യക്തമായി. കള്ളു ഷാപ്പില്‍ വെച്ചുണ്ടായ തര്‍ക്കത്തിനിടെ യുവാവിനെ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ സുഹൃത്തുക്കളായ രണ്ട് പേരെ പോലീസ് അറസ്റ്റും ചെയ്തു.

കൊരടി തിരുമുടിക്കുന്നില്‍ വാടകയ്ക്ക് കഴിഞ്ഞിരുന്ന എബിന്‍ ഡേവിഡ് എന്ന 33 കാരനാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. കൊരട്ടി കട്ടപ്പുറം, കാതിക്കുടം റോഡിലെ കനാലില്‍ രണ്ട് ദിവസം മുമ്പാണ് എബിന്റെ മൃതദേഹം കണ്ടത്തിയത്. എബിനും സുഹൃത്തക്കളായ അനിലും വിജിത്തും ചേര്‍ന്ന് കൊരട്ടി കട്ടപ്പുറത്തെ ഷാപ്പില്‍ കയറി കള്ളു കുടിച്ചു. ഇതിനിടെ അനിലിന്റെ പേഴ്‌സ് എബിന്‍ മോഷ്ടിച്ചു. ഇതേ ചൊല്ലി തര്‍ക്കവും വാക്കേറ്റവുമുണ്ടായി. ഒടുവില്‍ അനിലും വിജിത്തും ചേര്‍ന്ന് എബിനെ മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ വാരിയെല്ലൊടിച്ച് ആന്തരികാവയവങ്ങളില്‍ തുളച്ചു കയറി എബിന്‍ മരിക്കുകയായിരുന്നു.

അബോധാവസ്ഥയില്‍ ആയ എബിനെ കനാലില്‍ തള്ളിയ ശേഷം അനിലും വിജിത്തും മടങ്ങി. പുലര്‍ച്ചെ തിരികെ എത്തി മരണം ഉറപ്പാക്കി. ശേഷം ഇതരസംസ്ഥാനത്തേക്ക് കടക്കാന്‍ ശ്രമിച്ചു. ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെ കൊരട്ടി പോലീസ് ഇരുവരെയും പിടികൂടി.എട്ട് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് വിജിത്ത്. കഞ്ചാവ് വിറ്റതിന് അനില്‍ പല തവണ പിടിക്കപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ട അരുണും ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു. കൊരട്ടി ഇന്‍സ്‌പെക്ടര്‍ ബികെ അരുണും സംഘവുമാണ് പ്രതികളെ പിടികൂടിയത്.