പ്രാണന്റെ പാതി മകന് പകുത്ത് നല്‍കാന്‍ കടല്‍ കടന്ന് മിനി നാട്ടിലേക്ക്

കോഴിക്കോട്: മകന്റെ ജീവന്‍ രക്ഷിക്കാന്‍, മകന്‍ ജീവന്‍ പകുത്ത് നല്‍കാന്‍ കോവിഡ് ആശങ്കകള്‍ക്ക് ഇടയില്‍ മിനി നാരായണന്‍ നാട്ടിലേക്ക്. വൃക്ക മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഷാര്‍ജയില്‍ നിന്നും അമ്മ എത്തുന്നതും കാത്ത് കാസര്‍കോട് മാവുങ്കല്‍ ആനന്ദാശ്രമം സ്വദേശിയായ അജയ് നാരായണന്‍ കണ്ണുനട്ട് ഇരിക്കുകയായിരുന്നു. 16-ാം വയസില്‍ ഗുരുതരമായ വൃക്ക രോഗത്തിന്റെ പിടിയില്‍ അജയ് നാരായണന് തന്റെ വൃക്കകളില്‍ ഒന്ന് നല്‍കാനായി മിനി തീരുമാനിക്കുക ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആയിരുന്നു മിനി ഇത്തരത്തില്‍ ഒരു തീരുമാനത്തില്‍ എത്തിയത്.

അന്ന് അതീവ ഗുരുതരാവസ്ഥയില്‍ ആയിരുന്നു അജയ് കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞത്. അന്ന് ശസ്ത്രക്രിയയ്ക്ക് സാധിക്കാത്ത ആരോഗ്യ സ്ഥിതിയായിരുന്നു. ഇതോടെ ഈ വര്‍ഷം ഏപ്രില്‍ അവസാനം വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചു. ഇതിനിടെ മകനെ നാട്ടില്‍ ബന്ധുക്കളുടെ അരികിലാക്കി മിനി ഷാര്‍ജയിലെ ഭര്‍ത്താവിന്റെ ജോലി സ്ഥലത്തേക്ക് പോയി.

എന്നാല്‍ കോവിഡ് വ്യാപിച്ചതോടെ വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഇതോടെ മിനിക്ക് നാട്ടിലേക്ക് തിരിക്കാന്‍ സാധിച്ചില്ല. ഇതോടെ ശസ്ത്രക്രിയ അനിശ്ചിതമായി നീളുകയും ചെയ്തു. രോഗം മൂര്‍ച്ഛിച്ചതോടെ ഒരുമാസം മുമ്പ് അജയ്ക്ക് ഡയാലിസിസ് ആരംഭിച്ചു. മിനിയുടെ ഭര്‍ത്താവ് നാരായണന്‍ 20 വര്‍ഷത്തോളമായി ഷാര്‍ജയിലെ സ്‌കൂളില്‍ ബസ് ഡ്രൈവറാണ്. പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങിയപ്പോള്‍ ആദ്യസംഘത്തില്‍ ഉള്‍പ്പെടാനായി പല തവണ എംബസിയില്‍ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.

ഒടുവില്‍ യുഎഇയിലെ കോണ്‍ഗ്രസ് സംഘടനയായ ഇന്‍കാസ് പ്രവര്‍ത്തകര്‍ നടത്തിയ ഇടപെടലില്‍ മിനിക്കും സീറ്റ് ലഭിച്ചു. ഇതോടെ കോഴിക്കോട് അജയ്യെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ ചികിത്സ രേഖകളും അയച്ചു കൊടുത്തു. പ്രവാസികളുടെ വിമാന ടിക്കറ്റ് നല്‍കുന്ന ഫ്‌ലൈ വിത്ത് ഇന്‍കാസ് പദ്ധതിയിലൂടെ മിനി നാരായണന്‍, ഭര്‍ത്താവ് നാരായണന്‍, മകള്‍ നയന എന്നിവര്‍ക്കുള്ള ടിക്കറ്റ് ടി.സിദ്ദിഖ് എടുത്തു നല്‍കി. ഇന്ന് ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തില്‍ മിനിയും കുടുംബവും കേരളത്തിലേക്കു വരുന്നത് മകനു ജീവിതത്തിലേക്കു മടങ്ങിവരാനാണ്.