വോട്ടിന് കോഴ വാങ്ങുന്നത് ക്രിമിനൽ കുറ്റം, എംപിമാരും എംഎൽഎമാരും വിചാരണ നേരിടണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി∙ വോട്ടിന് കോഴ വാങ്ങുന്ന എംപിമാർക്കും എംഎൽഎമാർക്കും വിചാരണ നേരിടുന്നതിൽനിന്ന് പ്രത്യേക പരിരക്ഷ നൽകാനാവില്ലെന്ന് സുപ്രീം കോടതി. ഇതിനെ ക്രിമിനൽ കുറ്റമെന്ന് വിശദീകരിച്ച സുപ്രീം കോടതി 1998ലെ വിധി റദ്ദാക്കി. ഇതുപ്രകാരം വോട്ടിനോ പ്രസം​ഗത്തിനോ ചോദ്യത്തിനോ കോഴ വാങ്ങിയെന്ന ആരോപണം സഭയിൽ നേരിട്ടാൽ അഴിമതി നിരോധന നിയമപ്രകാരം ഏതൊരു എംപിയും എംഎൽഎയും വിചാരണ നേരിടണം.

പാർലമെന്റിന്റെയോ സഭയുടെയോ സു​ഗമമായ പ്രവർത്തനത്തിന് അനുവദിക്കുന്നത് കൂടാതെയുള്ള എന്തെങ്കിലും പ്രത്യേകാവകാശം സാമാജികർക്ക് നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. നിയമ സംവിധാനത്തിൽ നിന്നും ഇളവുകൾ ലഭിക്കുന്നതിന് തുല്യമായാണ് ഇത് പരിഗണിക്കപ്പെടുക.

1998ലെ വിധി ഭരണഘടനയുടെ 105, 194 അനുച്ഛേദത്തിന് വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. പണം വാങ്ങി പാർലമെന്റിൽ വോട്ട് ചെയ്താൽ ഭരണഘടനയുടെ ഈ അനുച്ഛേദങ്ങൾ പ്രകാരം പരിരക്ഷ ഉണ്ടെന്നായിരുന്നു നരസിംഹറാവു കേസിലെ വിധി.

അതിനാൽ സാമാജികർക്ക് ഇക്കാര്യത്തിൽ നൽകുന്ന പരിരക്ഷ റദ്ദാക്കുകയാണെന്നും ഏഴം​ഗ ബെഞ്ച് വ്യക്തമാക്കി. സഭയിലെ നടത്തിപ്പിന് ആവശ്യമായി വരുന്ന പ്രത്യേക അവകാശങ്ങൾ മാത്രമേ എംപിമാർക്കും എംഎൽഎമാർക്കും നൽകൂവെന്നും കോടതി ചൂണ്ടിക്കാട്ടി.

ഏതാനും നാളുകൾക്ക് മുമ്പായിരുന്നു ചോദ്യത്തിന് കോഴ വിവാദത്തിൽ അകപ്പെട്ട് തൃണമൂൽ കോൺ​ഗ്രസ് എംപിയായ മഹുവാ മൊയ്ത്ര എത്തിക്സ് കമ്മിറ്റിയുടെ റിപ്പോർട്ടിനെ തുടർന്ന് പാർലമെന്റിൽ നിന്ന് പുറത്തായത്.