ജാ​ഗ്രത, മൊബൈൽ ഫോണിലൂടെ വൈറസ് പകരും -എയിംസ് ഡോക്ടർ

മൂന്നുലക്ഷം ആളുകളുടെ ജീവനെടുത്ത വൈറസ് മൊബൈൽ ഫോണിലൂടെയും പകരുമെന്ന് വാദവുമായെത്തിയിരിക്കുകയാണ് എയിംസിലെ ഡോക്ടർമാർ. വായുലീലൂടെ പകരുന്ന വൈറസ് ലോകത്തെ മുഴുവൻ മുട്ടുകുത്തിച്ചിട്ട് നാലുമാസങ്ങളായെങ്കിലും ഇതുവരെയും മരുന്ന് കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല. അതിനാൽ തന്നെ സാമൂഹിക അകലം പാലിക്കുക മാത്രമാണ് ലക്ഷ്യം. നോട്ടുകളിലൂടെ വൈറസ് പടരുമെന്ന് നേരത്തെ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് മൊബൈലിലൂടെയും ഈ മഹാമരി ടരുമെന്ന് കണ്ടെത്തിയിരിക്കുന്നത്.

ആരോഗ്യ കേന്ദ്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്നാണ് റായ്പൂര്‍ എയിംസിലെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. ഇതിലൂടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗബാധ ഉണ്ടാകുന്ന ഒരു കാരണത്തെ പ്രതിരോധിക്കാന്‍ കഴിയുമെന്നും ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നു. മൊബൈല്‍ പ്രതലം അപകട സാധ്യത കൂടുതലുള്ള ഒന്നാണ്. ഫോണില്‍ വൈറസ് സാന്നിദ്ധ്യം ഉണ്ടെങ്കില്‍ അത് കണ്ണിലേക്കോ മൂക്കിലേക്കോ വായിലേക്കോ എത്തുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ കൈകള്‍ ഇടയ്ക്കിടെ വൃത്തിയാക്കുന്നുണ്ടെങ്കിലും പലരും മൊബൈല്‍ ഫോണുകള്‍ അണുവിമുക്തമാക്കാറില്ല.

കൊറോണ പ്രതിരോധത്തിനായി ലോകാരോഗ്യ സംഘടന അടക്കമുള്ളവര്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ ഈ മാര്‍ഗ നിര്‍ദ്ദേശങ്ങളിലൊന്നും മൊബൈല്‍ ഫോണുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനെ കുറിച്ച് പറയുന്നില്ല. മൊബൈല്‍ ഫോണിലൂടെ വൈറസ് വ്യാപനത്തിനുള്ള സാധ്യത കൂടുതലാണെന്നാണ് എയിംസിലെ ഡോക്ടര്‍മാര്‍ പറയുന്നത്.

മറ്റ് ആരോഗ്യ പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്താനും,, മെഡിക്കല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിശോധിക്കാനും മരുന്നുകളെ കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭിക്കാനും ടെലിമെഡിസിന്‍ ആവശ്യങ്ങള്‍ തുടങ്ങി ആരോഗ്യകേന്ദ്രങ്ങളില്‍ മൊബൈല്‍ഫോണുകള്‍ നിരവധി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്. ഇത് നിയന്ത്രിച്ചില്ലെങ്കില്‍ വൈറസ് വ്യാപനസാധ്യത കൂടുമെന്ന് ബിഎംജെ ഗ്ലോബല്‍ ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.