എന്റെ കുട്ടിക്കാലത്ത് ഭക്ഷണം പാകം ചെയ്യുന്ന അവസരത്തില്‍ അമ്മ ശ്വസിച്ചിരുന്ന പുക ഞാനിന്നുമോര്‍ക്കുന്നു! ഉജ്വല്‍ യോജന പദ്ധതിയ്ക്ക് തുടക്കമിടാന്‍ പ്രചോദനമായത്, അമ്മയെന്ന വെളിപ്പെടുത്തലുമായി പ്രധാനമന്ത്രി

തന്റെ ചെറുപ്പത്തില്‍ അമ്മ അനുഭവിച്ച ചില യാതനകളുടെ ഫലമായാണ് താന്‍ ഉജ്വല്‍ യോജന പദ്ധതിയ്ക്ക് തുടക്കമിട്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വെളിപ്പെടുത്തല്‍. ചെറുപ്പകാലത്ത് ഭക്ഷണം പാകം ചെയ്യുന്നതിനായി തന്റെ മാതാവ് പുകയടുപ്പിന് മുന്നിലിരുന്ന് സഹിച്ച കഷ്ടപ്പാടുകളാണ് ഉജ്വല്‍ യോജന എന്ന പദ്ധതി നടപ്പിലാക്കാന്‍ പ്രചോദനമായതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഉജ്വല്‍ യോജനയുടെ ഗുണങ്ങളെ പറ്റി നമോ ആപ്പുവഴി ജനങ്ങളുമായി സംവദിക്കവേയാണ് മോദി ഇക്കാര്യം പറഞ്ഞത്. കുട്ടിക്കാലത്ത് തങ്ങള്‍ക്കുള്ള ഭക്ഷണം അമ്മ പാകം ചെയ്യുമ്പോളുണ്ടാകുന്ന പുക താനോര്‍മ്മിക്കുന്നു. തങ്ങള്‍ക്ക് വേണ്ടി ആ പുകയത്രയും അമ്മ യാതന സഹിച്ച് ശ്വസിച്ചിരുന്നുവെന്നും മോദി പരാമര്‍ശിച്ചു.

കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് 10 കോടി പുതിയ എല്‍പിജി കണക്ഷനുകളാണ് നല്‍കിയതെന്നും മോദി പറഞ്ഞു. മുന്‍ സര്‍ക്കാര്‍ 10 വര്‍ഷം ശ്രമിച്ചിട്ടും നടക്കാത്ത കാര്യമാണ് തന്റെ സര്‍ക്കാര്‍ സാധ്യമാക്കിയതെന്നും അദ്ദേഹം അവകാശപ്പെട്ടു.