രാവിലെ ഗുരുവായൂരിൽ, 10 മണിയ്ക്ക് തൃപ്രയാർ ക്ഷേത്രത്തിൽ, പ്രധാനമന്ത്രിയുടെ പരിപാടികളുടെ സമയക്രമം പുറത്ത്

തൃശൂര്‍: സംസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പര്യടനം തുടരുന്നു. രാവിലെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ശേഷം സുരേഷ് ഗോപിയുടെ മകളുടെ വിവാഹചടങ്ങില്‍ പങ്കെടുക്കും. പിന്നാലെ തൃപ്രയാര്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തും. തുടർന്ന് കൊച്ചിയിലേക്ക് മടങ്ങിയെത്തി ഷിപ്പ് യാര്‍ഡില്‍ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ബി.ജെ.പിയുടെ ശക്തികേന്ദ്ര സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം ഡല്‍ഹിയിലേക്ക് മടങ്ങും.

അതേ സമയം സുരേഷ് ഗോപിയുടെ മകള്‍ ഭാ​ഗ്യ സുരേഷിന് വിവാഹം വലിയ താരസംഗമത്തിന് കൂടിയാകും വേദിയാകുക. ഇന്നലെ തന്നെ മം​ഗളാശംസകള്‍ നേരാന്‍ മമ്മൂട്ടിയും മോഹന്‍ലാലും കുടുംബസമേതം എത്തിയിരുന്നു. സുരേഷ് ​ഗോപിക്കും കുടുംബത്തിനുമൊപ്പം മോഹന്‍ലാലും ഭാര്യ സുചിത്രയും മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇതിനകം വൈറല്‍ ആയിട്ടുണ്ട്.

വിവാഹത്തില്‍ പങ്കെടുക്കാന്‍ സിനിമാലോകത്തുനിന്ന് ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍ അടക്കമുള്ള താരങ്ങള്‍ എത്തുമെന്നാണ് വിവരം. വിവാഹത്തിന് ശേഷം 19 ന് കൊച്ചിയിലും 20 ന് തിരുവനന്തപുരത്തും വിരുന്ന് സംഘടിപ്പിച്ചിട്ടുണ്ട്. സിനിമ, രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ കൊച്ചിയിലെ വിരുന്നില്‍ പങ്കെടുക്കും. ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമാണ് തിരുവനന്തപുരത്തെ വിരുന്നിലേക്ക് ക്ഷണം.