മോള്‍ ഇപ്പോള്‍ ഒറ്റയ്ക്കാണ്, ഞാനും പോകും എന്റെ മോളുടെ അടുത്തേക്ക്, നെഞ്ചുലച്ച് മോഫിയയുടെ പിതാവിന്റെ കുറിപ്പ്

ആലുവ: ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനത്തെ തുടര്‍ന്ന് ജീവിതം അവസാനിപ്പിച്ച് നിയമ വിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ ഏവര്‍ക്കും നൊമ്പരമായിരിക്കുകയാണ്. മോഫിയയുടെ മരണത്തിന് കാരണമായ എല്ലാവര്‍ക്കും തക്കതായ ശിക്ഷ കിട്ടണം എന്ന് തന്നെയാണ് കേരളം ആഗ്രഹിക്കുന്നത്. ഇപ്പോള്‍ മകളുടെ അകാല മരണത്തില്‍ ഉള്ളുലഞ്ഞ് പിതാവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ഒന്നടങ്കം വേദനയായിരിക്കുന്നത്. മോഫിയ പര്‍വീണിന്റെ പിതാവു ദില്‍ഷാദാണു താന്‍ മകള്‍ക്കൊപ്പം പോവുകയാണെന്നു കാണിച്ച് ഇന്നലെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

‘എന്റെ മോള്‍ കരളിന്റെ ഒരു ഭാഗം. ഞാനും പോകും എന്റെ മോളുടെ അടുത്തേക്ക്. മോള്‍ ഇപ്പോള്‍ ഒറ്റയ്ക്കാണ്. എന്നും എന്നും ഞാനായിരുന്നു മോള്‍ക്കു തുണ. എന്തു പ്രശ്‌നമുണ്ടെങ്കിലും മോള്‍ പപ്പാ എന്നൊരു വിളിയാണ്. അവിടെയെത്തും ഞാന്‍. മോള്‍ക്കു സോള്‍വ് ചെയ്യാന്‍ പറ്റാത്ത എന്തു പ്രശ്‌നത്തിനും എന്നെ വിളിക്കും. പക്ഷേ, ഇതിനു മാത്രം വിളിച്ചില്ല. പപ്പെടെ ജീവന്‍ കൂടി വേണ്ടെന്നു വിചാരിച്ചിട്ടുണ്ടാവും. പക്ഷേ, ഞാന്‍ വിട്ടുകൊടുക്കാന്‍ തയാറല്ല. ദൈവമായിട്ടു പിടിപാട് കുറവാണ്. എന്നാലും ഒന്നു ട്രൈ ചെയ്തു നോക്കാം’. ദില്‍ഷാദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അതേസമയം മോഫിയ പര്‍വീന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ആലുവ സിഐ സി.എല്‍ സുധീറിനെ സ്ഥലം മാറ്റി. ഡിഐജി തലത്തില്‍ നടന്ന ചര്‍ച്ചയില്‍ പൊലീസ് ആസ്ഥാനത്തേക്കു സ്ഥലം മാറ്റാന്‍ ധാരണയായി. എന്നാല്‍ സിഐ സുധീറിനെ സസ്പെന്‍ഡ് ചെയ്യേണ്ടെന്ന തീരുമാനത്തിലാണ് ഉന്നത ഉദ്യോഗസ്ഥര്‍. മോഫിയയുടെ ആത്മഹത്യയില്‍ മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. നാലാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ആലുവ റൂറല്‍ എസ്പിക്ക് നിര്‍ദേശം നല്‍കി. കേസ് ഡിസംബര്‍ 27ന് പരിഗണിക്കുമെന്ന് കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് അറിയിച്ചു.

ഇതിനിടെ മോഫിയ പര്‍വീന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സുഹൈലും മാതാപിതാക്കളും അറസ്റ്റിലായി. ഇന്ന് പുലര്‍ച്ചെയാണ് ഇവരെ ഉപ്പുകണ്ടത്തെ ബന്ധുവീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. മോഫിയയുടെ ആത്മഹത്യക്ക് ശേഷം ഇവര്‍ ഒളിവിലായിരുന്നു.