സി.കെ. ജാനുവിന് പണം നല്‍കിയത് ആര്‍.എസ്.എസ് അറിവോടെ; കെ. സുരേന്ദ്രനും പ്രസീദ അഴീകോടും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത്

കോഴിക്കോട്: ജെ.ആര്‍.പി നേതാവ് സി.കെ. ജാനുവിന് ബി.ജെ.പി പണം നല്‍കിയത് ആര്‍.എസ്.എസ് അറിവോടെയെന്ന് ശബ്ദരേഖ. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും ജെ.ആര്‍.പി ട്രഷറര്‍ പ്രസീദ അഴീകോടും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തായത്. 1 മിനിറ്റ് 21 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള സംഭാഷണമാണ് പ്രസീദ അഴീക്കോട് പുറത്തുവിട്ടത്.

പണം ഏര്‍പ്പാട് ചെയ്തത് ആര്‍.എസ്.എസ് ഒാര്‍ഗനൈസിങ് സെക്രട്ടറി എം. ഗണേഷനാണെന്ന് കെ. സുരേന്ദ്രന്‍ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്. ജെ.ആര്‍.പിക്കുള്ള 25 ലക്ഷമാണ് കൈമാറുന്നതെന്നും സംഭാഷണത്തില്‍ സുരേന്ദ്രന്‍ വിവരിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തു.

സുല്‍ത്താന്‍ ബത്തേരിയിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സി.കെ. ജാനു അടക്കമുള്ളവരുടെ നേതൃത്വത്തില്‍ ജെ.ആര്‍.പിയാണ് സംഘടിപ്പിച്ചിരുന്നത്. ജെ.ആര്‍.പി പ്രചാരണ ചെലവുകള്‍ക്കായി പണം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം മഞ്ചേശ്വരത്തെത്തി കെ. സുരേന്ദ്രനുമായി ജെ.ആര്‍.പി നേതാക്കള്‍ നേരിട്ട് സംസാരിക്കുകയും ചെയ്തു. ഈ കൂടിക്കാഴ്ചയിലെ ധാരണ പ്രകാരമാണ് എം. ഗണേഷന്‍ വഴി സുല്‍ത്താന്‍ ബത്തേരിയില്‍ പണം എത്തിച്ച്‌ കൊടുക്കുന്നത്.

മാര്‍ച്ച്‌ 26ന് മണിമല ഹോം റെസിഡന്‍സ് എന്ന ബത്തേരിയിലെ ഹോം സ്റ്റേയില്‍ വെച്ച്‌ ബി.ജെ.പി ജില്ലാ സെക്രട്ടറി പ്രശാന്ത് മലയന്‍ ആണ് സി.കെ. ജാനുവിന് പണം കൈമാറിയത്. പൂജ സാധനങ്ങള്‍ എന്ന് തോന്നിക്കുന്ന തരത്തില്‍ കാവി തുണിയില്‍ പൊതിഞ്ഞാണ് പണം എത്തിച്ചത്. ജെ.ആര്‍.പിക്ക് എന്ന് പറഞ്ഞാണ് ബി.ജെ.പി നേതൃത്വം ജാനുവിന് പണം കൈമാറി‍യത്. എന്നാല്‍, ജാനു ഈ പണം ജെ.ആര്‍.പി നേതാക്കള്‍ക്ക് നല്‍കിയില്ലെന്നാണ് പ്രസീദ മൊഴി നല്‍കിയിട്ടുള്ളത്.