പാര്‍ട്ടികളിലെ സ്ഥിരം സാന്നിധ്യം, കേരളത്തില്‍ നിഷ്പ്രയാസം പറന്നിറങ്ങി തിരിച്ചു പറന്നിരുന്ന സ്വപ്‌ന സുരേഷ്

തിരുവനന്തപുരം: സ്വര്‍ണ കടത്തു കേസില്‍ പ്രതിയായ സ്വപ്‌ന സുരേഷിനെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞില്ല. സ്വപ്നയെ കുറിച്ച് പുറത്ത് എത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. സൗദി കോണ്‍സുലേറ്റ് ജോലി തുടരവെയാണ് തലസ്ഥാനത്ത് ഉന്നതരുമായി സ്വപ്‌ന ബന്ധം സ്ഥാപിക്കുന്നത്. നക്ഷത്ര ഹോട്ടലുകളിലെ പാര്‍ട്ടികളില്‍ സ്ഥിരം സാന്നിധ്യമായിരുന്നു ഇവര്‍. അറബിക് ഉള്‍പ്പെടെയുള്ള ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവ് സ്വപ്‌നയ്ക്ക് ഉണ്ടായിരുന്നു. കേരള സന്ദര്‍ശനം നടത്തുന്ന അറബ് നേതാക്കളുടെ സംഘത്തില്‍ പലപ്പോഴും സ്വപ്‌നയും അംഗമായിരുന്നു.

ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതിയാണെന്ന വിവരം മറച്ചു വെച്ചാണ് ഐടി വകുപ്പില്‍ സ്വപ്‌ന ജോലി ചെയ്ത് വന്നത്. നേരത്തെ എയര്‍ ഇന്ത്യ സാറ്റ്‌സില്‍ 6 മാസത്തോളം ട്രെയിനര്‍ ആയിരുന്ന സ്വപ്നയ്‌ക്കെതിരെ അവിടെ വ്യാജരേഖ ചമച്ച കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. എയര്‍ ഇന്ത്യ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് വിഭാഗത്തിലെ ഓഫിസര്‍ എല്‍.എസ്. ഷിബുവിനെ കള്ളക്കേസില്‍ കുടുക്കിയതിന് പിന്നിലും സ്വപ്‌നയെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് രണ്ട് പ്രാവശ്യം സ്വപ്നയെ ചോദ്യം ചെയ്തു. ഷിബുവിനെതിരെ കള്ള പരാതി നല്‍കിയും എയര്‍ ഇന്ത്യയുടെ എന്‍ക്വയറി കമ്മറ്റിക്ക് മുമ്പാകെ വ്യാജപേരില്‍ പെണ്‍കുട്ടിയെ ഹാജരാക്കിയതും ഇവര്‍ സമ്മതിച്ചിട്ടുണ്ട്. ചോദ്യം ചെയ്യല്‍ സമയത്ത് ഐടി വകുപ്പില്‍ ജോലി ചെയ്ത് വരികയാണെന്ന് അന്വേഷണസംഘത്തെ ഇവര്‍ അറിയിച്ചില്ല. ചോദ്യം ചെയ്യല്‍ സമയം പോലും സ്വപ്നയെ വിട്ടയയ്ക്കണമെന്ന് ഉന്നതതല സമ്മര്‍ദ്ദം പോലീസിന് ഉണ്ടായിരുന്നു.

അബുദാബിയില്‍ ആയിരുന്നു സ്വപ്‌ന ജനിച്ചതും വളര്‍ന്നതും. സ്വപ്‌നയുടെ പിതാവ് ബാലരാമപുരം സ്വദേശി ജോലി ചെയ്തിരുന്നത് അബുദാബിയില്‍ ആയിരുന്നു. അബുദാബി വിമാനത്താവളത്തില്‍ പാസഞ്ചര്‍ സര്‍വീസ് വിഭാഗത്തില്‍ സ്വപ്‌ന ജോലി ചെയ്തിരുന്നു. ഇതിനിടെ വിവാഹം നടന്നു. എന്നാല്‍ പിന്നീട് വിവിഹ മോചിതയായി. ഈ ബന്ധത്തില്‍ ഒരു മകളുണ്ട്. വിവാഹ മോചനത്തിന് ശേഷം മകളുമായി തിരുവനന്തപുരത്തെക്ക് താമസം മാറി. നാട്ടിലെത്തി രണ്ട് വര്‍ഷം ട്രാവല്‍ ഏജന്‍സിയില്‍ ജോലി ചെയ്തു. 2013ല്‍ എയര്‍ ഇന്ത്യ സാറ്റ്‌സില്‍ ജോലിക്ക് കയറി. 2016ല്‍ തന്റെ പേരില്‍ കേസ് വന്നതോടെ അബുദാബിയിലേക്ക് തിരികെ പറന്നു. യുഎഇ കോണ്‍സുലേറ്റില്‍ കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറിയായി ജോലിയില്‍ പ്രവേശിച്ചു. കഴിഞ്ഞ വര്‍ഷം ക്രമക്കേടുകള്‍ കണ്ടെത്തിയതോടെ സ്വപ്നയെ പുറത്താക്കി.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത്തിനെ ചോദ്യം ചെയ്തപ്പോഴാണ് സുഹൃത്തു കൂടിയായ സ്വപ്നയുടെ പങ്കിനെക്കുറിച്ച് സൂചന ലഭിച്ചത്.