16 കാരിക്ക് താലി ചാര്‍ത്തി 31കാരന്‍, വരനെതിരെ പോലീസ് കേസ്

തൊടുപുഴ: പ്രായപൂര്‍ത്തിയാകാതെയുള്ള വിവാഹങ്ങള്‍ രാജ്യത്ത് നിരോധിച്ചതാണ്. എന്നാല്‍ പലയിടത്തും ഇത് നടക്കുന്നുണ്ട്. നൂറ് ശതമാനം സംസ്‌കാര സമ്പന്നര്‍ എന്ന അവകാശം ഉന്നയിക്കുന്ന മലയാളികള്‍ക്കിടയിലും ഇത്തരം വിവാഹങ്ങള്‍ നടക്കുന്നുണ്ട് എന്നത് വളരെ ദുഖകരമായ ഒരു സത്യമാണ്. പെണ്‍കുട്ടികളാണ് ഇത്തരത്തില്‍ ചെറുപ്രായത്തിലെ വിവാഹത്തിന് നിര്‍ബന്ധിതരാകുന്നത്. ഇത്തരത്തില്‍ ഒരു സംഭലമാണ് തൊടുപുഴയില്‍ നിന്നും പുറത്തു വരുന്നത്.

പതിനാറ് വയസുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്ത തൊടുപുഴ കുഞ്ചിത്തണ്ണി സ്വദേശിയായ രഞ്ജിത്തിനെതിരെ പോലീസ് കേസ് എടുത്തിരിക്കുകയാണ്. 16 വയസുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്ത ഇയാള്‍ക്ക് 31 വയസുണ്ട്. പെണ്‍കുട്ടിയുടെ ഇരട്ടി പ്രായം. ഇന്നലെ കുഞ്ചിത്തണ്ണിയിലെ ഒരു ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം നടന്നത് . കുമാരമംഗലത്ത് താമസിക്കുന്ന തമിഴ്‌നാട് സ്വദേശിനിയെയാണ് ഇയാള്‍ വിവാഹം ചെയ്തത്. ഒടുവില്‍ സംഭവത്തില്‍ പരതിയുമായി ജില്ലാ ശിശുക്ഷേമ വകുപ്പ് രംഗത്തെത്തുകയായിരുന്നു.

ശിശുക്ഷേമ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയെ ചെങ്കുളം മേഴ്‌സി ഹോമിലേക്ക് മാറ്റി. വിവാഹം നടത്താന്‍ കൂട്ടുനിന്ന പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്ക് എതിരെയും ക്ഷേത്രം ഭാരവാഹികള്‍ക്ക് എതിരെയും കേസ് എടുക്കുമെന്ന് വെള്ളത്തൂവനല്‍ എസ് ഐ എം.യു. സ്‌കറിയ വ്യക്തമാക്കി.