ലോക്ക്ഡൗണില്‍ കുടുങ്ങിയ മകനെ തിരികെ വീട്ടിലെത്തിക്കാന്‍ 1400 കിലോമീറ്റര്‍ പിന്നിട്ട് ഒരു മാതാവിന്റെ സ്‌കൂട്ടര്‍ യാത്ര

ഹൈദരാബാദ്: കോവിഡ് 19 എന്ന മഹാമാരിയോട് പൊരുതുകയാണ് ലോകം. വൈറസിനെ നേരിടാന്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് രാജ്യം അടച്ചിട്ടു. അവശ്യ വസ്തുക്കള്‍ വാങ്ങാനും ആശുപത്രിയില്‍ പോകാനും മാത്രമേ പുറത്തിറങ്ങാന്‍ അനുമതിയുള്ളു. ലോക്ക് ഡൗണ്‍ നിലവില്‍ വന്നതോടെ പലര്‍ക്കും ഉറ്റവരുടെ അടുത്ത് എത്താന്‍ പോലും സാധിക്കാതെയായി. പൊതു ഗതാഗത സംവിധാനങ്ങള്‍ മുഴുവന്‍ നിലച്ചു. ഇതോടെ മകനെ വീട്ടില്‍ എത്തിക്കാന്‍ ഒരു അമ്മ നടത്തിയ സാഹസിക യാത്രയാണ് ഏവരെയം ഞെട്ടിച്ചു കളഞ്ഞത്.

മകനെ വീട്ടില്‍ എത്തിക്കാനായി 48കാരിയായ അമ്മ സ്‌കൂട്ടറില്‍ യാത്ര ചെയ്തത് 1400 കിലോമീറ്ററുകളാണ്. ലോക്ക് ഡൗണിനെ തുടര്‍ന്ന് റസിയ ബീഗത്തിന്റെ മകന്‍ ആന്ധ്രയില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് മകനെ തിരികെ എത്തിക്കാന്‍ തെലങ്കാനയില്‍ നിന്നും നെല്ലൂരിലേക്ക് റസിയ ബീഗം സ്‌കൂട്ടര്‍ ഓടിച്ച് പോവുകയായിരുന്നു.

സ്‌കൂട്ടറില്‍ ഒറ്റയ്ക്ക് ആയിരുന്നു റസിയ ബീഗത്തിന്റെ യാത്ര. ഇതിന് പ്രാദേശിക പോലീസ് അനുമതിയും നല്‍കി. ചെറിയ സ്‌കൂട്ടറില്‍ അത്രയും ദൂരം യാത്ര ഒരു സ്ത്രീ എന്ന നിലക്ക് വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. പക്ഷെ മകനെ തിരികെയെത്തിക്കണമെന്ന നിശ്ചയദാര്‍ഢ്യമാണ് ഏന്റെ പേടിയെ മറികടന്നത്. ഞാന്‍ കുറച്ച് റൊട്ടി കയ്യില്‍ കരുതിയിരുന്നു. അത് എന്നെ മുന്നോട്ട് നീക്കി. രാത്രികളില്‍ ട്രാഫിക്കോ.. ആളുകളോ റോഡിലില്ലാത്ത സാഹചര്യങ്ങളിലെ യാത്ര ഭീതിപ്പെടുത്തുന്നതായിരുന്നു റസിയ ബീഗം പി. ടി. ഐ ന്യൂസിനോട് പറഞ്ഞു. മൂന്ന് ദിവസം എടുത്താണ് റസിയ ബീഗം നെല്ലൂര്‍ വരെ പോയി വന്നത്.

നിസാമാബാദിലെ സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാന അധ്യാപികയാണ് അവര്‍. 15 വര്‍ഷം മുമ്പ് ഭര്‍ത്താവിനെ നഷ്ടമായ അവര്‍ക്ക് രണ്ട് ആണ്‍ മക്കളാണ് ഉള്ളത്. മൂത്ത മകന്‍ എഞ്ചിനീയറിങ് പൂര്‍ത്തിയാക്കി. ഡോക്ടറാവാനാണ് ഇളയമകന് ആഗ്രഹം. സുഹൃത്തിനൊപ്പം നെല്ലൂരിലേക്ക് പോയ ഇളയമകന്‍ നിസാമുദ്ധീന്‍ അവിടെ തങ്ങുകയായിരുന്നു. രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അവിടെ കുടുങ്ങിയ മകന് വേണ്ടി മതാവ് തന്നെ നേരിട്ട് പോവുകയായിരുന്നു. മൂത്ത മകനെ അയക്കാന്‍ മടിച്ചതിനും അവര്‍ക്ക് കാരണമുണ്ട്. ചുറ്റികറങ്ങാന്‍ പോവുകയാണെന്ന് തെറ്റിധരിച്ച് വഴിമധ്യേ പൊലീസുകാര്‍ അവനെ പിടികൂടുമെന്ന ഭയത്താലാണ് അങ്ങനെ ചെയ്യാതിരുന്നതെന്നും റസിയ ബീഗം പറഞ്ഞു.