മുംബൈ ആക്രമണം നടത്തിയ ഭീകരർ പാക്കിസ്ഥാനിൽ വിലസുന്നു, പാക്കിനെതിരെ രൂക്ഷവിമർശനവുമായി ജാവേദ് അക്തർ

ന്യൂഡൽഹി . മുംബൈ ഭീകരാക്രമണം നടത്തിയ കുറ്റവാളികൾ ഇന്നും പാകിസ്ഥാനിൽ സുരക്ഷിതരായി വിലസുകയാണെന്ന് പ്രശസ്ത എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തർ. ഉർദു കവി ഫൈസ് അഹമ്മദ് ഫൈസിന്റെ സ്മരണയ്ക്കായി ലാഹോറിൽ സംഘടിപ്പിച്ച പരിപാടിയിലാണ് തീവ്രവാദത്തിന്റെ പേരിൽ പാക്കിസ്ഥാനെതിരെ ജാവേദ് അക്തർ രൂക്ഷ വിമര്ശനം നടത്തിയത്.

‘പലതവണ പാക്കിസ്ഥാൻ സന്ദർശിച്ച വ്യക്തി എന്ന നിലയിൽ തിരികെ നാട്ടിലേക്ക് പോകുമ്പോൾ ഞങ്ങൾ നല്ല മനുഷ്യരാണെന്നു നിങ്ങളുടെ ജനങ്ങളോട് പറയുമോ?’ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജാവേദ് അക്തർ. ‘മുംബൈ ആക്രമിക്കപ്പെട്ടത് ഞങ്ങൾ കണ്ടതാണ്. അതിനു ഉത്തരവാദികളായ ഭീകരർ ഇന്നും പാക്കിസ്ഥാനിലൂടെ സ്വതന്ത്രമായി വിഹരിക്കുകയാണ്, അതുപോലെ പാകിസ്ഥാൻ കലാകാരന്മാരായ നുസ്രത്ത് ഫത്തേ അലി ഖാൻ, മെഹ്ദി ഹസൻ എന്നിവർക്കായി ഇന്ത്യ വലിയ പരിപാടികൾ സംഘടിപ്പിച്ചിട്ടും ലതാ മങ്കേഷ്‌കറിന് വേണ്ടി പാകിസ്ഥാൻ ഒരു പരിപാടിയും നടത്തിയിട്ടില്ല’ ജാവേദ് തുറന്നടിച്ചു.

‘പരസ്പരം കുറ്റപ്പെടുത്തിയാൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ആകില്ല, മുംബൈ ആക്രമണക്കേസിൽ തീവ്രവാദികൾ വന്നത് നോർവേയിൽ നിന്നോ ഈജിപ്തിൽ നിന്നോ ആയിരുന്നില്ല, ഇന്നും അവർ നിങ്ങളുടെ രാജ്യത്ത് സ്വതന്ത്രമായി വിഹരിക്കുന്നു. ഇതിനെതിരെ ഇന്ത്യക്കാർ പരാതി നൽകിയിട്ടുണ്ട് – ജാവേദ് അക്തർ പറഞ്ഞു.

പാകിസ്ഥാൻ ഭീകരർ കടൽ മാർഗം 2008 നവംബര്‍ 26 ൽ ഇന്ത്യയിലെത്തി മുംബൈയിലേക്ക് കടക്കുകയും ആക്രമണം അഴിച്ച് വിട്ട് ജനങ്ങൾക്ക് നേരെ വെടിയുതിർക്കുകയും ചെയ്യുകയായിരുന്നു. ഈ ആക്രമണത്തിൽ 18 സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 166 പേരെ കൊല്ലുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും കോടികളുടെ സ്വത്ത് നശിപ്പിക്കുകയും ചെയ്തിരുന്നു.

26/11 ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ അന്നത്തെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) തലവൻ ഹേമന്ത് കർക്കരെ, ആർമി മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ, മുംബൈ അഡീഷണൽ പോലീസ് കമ്മീഷണർ അശോക് കാംതെ, സീനിയർ പോലീസ് ഇൻസ്പെക്ടർ വിജയ് സലാസ്കർ എന്നിവരും ഉൾപ്പെടും.