എൻ.വി രമണയെ അടുത്ത ചീഫ് ജസ്റ്റിസാകും; ശുപാർശ ചെയ്ത് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ

ജസ്റ്റിസ് എൻ. വി രമണ സുപ്രിംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസാകും. സാധാരണയായി വിരമിക്കുന്ന ചീഫ് ജസ്റ്റിസ് നിർദ്ദേശിക്കുന്ന വ്യക്തിയെ സർക്കാർ മാറ്റാറില്ല.രമണയുടെ പേര് നിലവിലെ ചീഫ് ജസ്റ്റിസ് എസ്. എ ബോബ്‌ഡെ ശുപാർശ ചെയ്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിന് ചീഫ് ജസ്റ്റിസ് കത്തയച്ചു. പിൻഗാമിയെ ശുപാർശ ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര സർക്കാർ ചീഫ് ജസ്റ്റിസിന് കത്ത് അയച്ചിരുന്നു. ഇതിനു മറുപടിയായാണ് ബോബ്‌ഡെ, രമണയുടെ പേര് ശുപാർശ ചെയ്തത്. ഏപ്രിൽ 23ന് എസ്.എ ബോബ്‌ഡെയുടെ കാലാവധി അവസാനിക്കുകയാണ്.

ജസ്റ്റിസ് രമണ 1983 ഫെബ്രുവരിയിൽ ആന്ധ്ര ഹൈക്കോടതിയിൽ അഭിഭാഷകനായി ചേർന്നു. വിവിധ സർക്കാർ പാനൽ കൗൺസലായി പ്രവർത്തിച്ചിട്ടുണ്ട്. ഹൈദരാബാദിലെ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ കേന്ദ്രസർക്കാരിന്റെ അഡീഷണൽ സ്റ്റാൻഡിംഗ് കൗൺസലായും റെയിൽവേയുടെ സ്റ്റാൻഡിംഗ് കൗൺസലായും പ്രവർത്തിച്ചിട്ടുണ്ട്. 2000 ജൂണിലാണ് ആന്ധ്ര ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി രമണ നിയമിതനായത്. 2013 മാർച്ച് പത്ത് മുകതൽ 2013 മെയ് 20 വരെ ആന്ധ്രാ ഹൈക്കോടതിയുടെ ആക്ടിങ്ങ് ചീഫ് ജസ്റ്റിസായി പ്രവർത്തിച്ചു. 2013 സെപ്റ്റംബർ രണ്ട് മുതൽ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി സേവനം അനുഷ്ടിച്ചു.