നാഗർകോവിലിൽ ഡോക്ടറുടെ വീട്ടില്‍നിന്ന് 90 പവനും പണവും കവര്‍ന്നു, മലയാളി യുവാവ് അറസ്റ്റിൽ

നാഗർകോവിൽ : ഡോക്ടറുടെ വീട്ടിൽനിന്ന് 90 പവനും പണവും കവർന്നതുൾപ്പെടെ വിവിധ കവർച്ചക്കേസുകളിലെ പ്രതിയായ മലയാളി യുവാവ് പഞ്ചാബില്‍ പിടിയില്‍. ബാലരാമപുരം, നരുവാമൂട്, വലിയറത്തല സ്വദേശി ആദിത് ഗോപനാണ്‌ (30) അറസ്റ്റിലായത്. തിരുനെൽവേലി മെഡിക്കൽ കോളേജിലെ ഡോ. കലൈകുമാറിന്റെ നാഗർകോവിൽ പ്ലസന്റ്‌ നഗറിലെ വീട്ടിൽ കഴിഞ്ഞ ഏഴിനാണ്‌ കവർച്ച നടന്നത്‌.

ഇയാളിൽനിന്ന് 90 പവനും പണവും പിടിച്ചെടുത്തു. ആദിത് ഗോപന്റെ ഭാര്യ പഞ്ചാബ് സ്വദേശിയാണ്. ഓഹരി വിപണിയിൽ വൻതുക നഷ്ടമായതിനെ തുടർന്നാണ്‌ ഇയാൾ മോഷണം തുടങ്ങിയത്. പ്രതിയെ വലയിലാക്കാൻ ജില്ലാ പോലീസ് മേധാവി സുന്ദരവദനം പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.

ഇവർ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പഞ്ചാബിൽനിന്ന് പിടികൂടിയത്. കന്യാകുമാരി ജില്ലയിൽ മറ്റ്‌ നാല്‌ കവർച്ചക്കേസുകളിൽക്കൂടി ആദിത് പ്രതിയാെണന്നും പോലീസ് പറഞ്ഞു.