ഭാഗ്യയെയും ശ്രേയസിനെയും ആശീർവദിക്കാനെത്തി ​ഗവർണർ, സദ്യയൊരുക്കി സ്വീകരിച്ച് സുരേഷ് ഗോപിയും രാധികയും

നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപിയുടെ വീട്ടിലെത്തി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുരേഷ് ​ഗോപിക്കും കുടുംബത്തിനൊപ്പം ഉച്ചഭക്ഷണം കഴിച്ച ​ഗവർണർ കഴിഞ്ഞയാഴ്ച വിവാഹിതരായ മകൾ ഭാ​ഗ്യയെയും ഭർത്താവ് ശ്രേയസിനെയും ആശംസകളറിയിച്ചു. ​​ഗവർണർക്കൊപ്പമുള്ള ചിത്രങ്ങൾ സുരേഷ് ​ഗോപി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

ബഹുമാനപ്പെട്ട കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നവദമ്പതികളെ അനുഗ്രഹിക്കാനായി ‘ലക്ഷ്മി’ സന്ദർശിച്ചപ്പോൾ. ഉച്ചഭക്ഷണത്തിന് ഞങ്ങളോടൊപ്പം ചേർന്നെന്ന് സുരേഷ് ഗോപി കുറിച്ചു. വീട്ടിലെത്തിയ വിശിഷ്ടാതിഥിക്ക് വിഭവ സമൃദ്ധമായ നാടൻ കേരള സദ്യയാണ് സുരേഷ് ഗോപിയും രാധികയും ഒരുക്കിയത്. ആരിഫ് മുഹമ്മദ് ഖാന് സദ്യവിളമ്പുന്ന സുരേഷ് ഗോപിയുടെ ചിത്രവും വൈറലായി.

കഴിഞ്ഞ ജനുവരി 17 ന് ഗുരുവായൂരിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലായിരുന്നു ഭാഗ്യയുടെയും ശ്രേയസിൻറെയും വിവാഹം. തുടർന്ന് തിരുവനന്തപുരത്തും കൊച്ചിയിലും താരസമ്പന്നമായ വിവാഹ സത്കാരവും നടന്നു. കൊല്ലത്തെ കരിങ്കൊടി പ്രതിഷേധത്തിൽ ഗവർണർ ഇടപെടുകയും ഇതിന് പിന്നാലെ ​ഗവർണർക്ക് ഇസഡ് കാറ്റ​ഗറി സുരക്ഷ ഏർ‌പ്പെടുത്തിയതും എസ്എഫ്ഐയുടെ പ്രതികരണങ്ങളുമെല്ലാം വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നതിനിടെയാണ് ​ഗവർണറുടെ സന്ദർശനം.