നാരായണ്‍ റാണെയെ പോലീസ് അറസ്റ്റ് ചെയ്തത് ഭക്ഷണം കഴിക്കുന്നതിനിടെ; പ്രതിഷേധവുമായി ബിജെപി

കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ മഹാരാഷ്ട്രാ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ശിവസേനയെ കുറ്റപ്പെടുത്തി ബിജെപി നേതാക്കള്‍ രംഗത്ത്. റാണെയെ പോലീസ് അറസ്റ്റ് ചെയ്തത് ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു. അറസ്റ്റിന്റെ വീഡിയോ പുറത്തുവിട്ടുകൊണ്ടാണ് ബിജെപി നേതാക്കള്‍ പ്രതിഷേധമറിയിച്ചത്. റാണെ ഭക്ഷണം കഴിക്കുന്നതിനിടെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ അദ്ദേഹത്തിന്റെ അനുയായികള്‍ തടയാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേയ്‌ക്കെതിരേ നടത്തിയ വിവാദ പരാമര്‍ശത്തെത്തുടര്‍ന്നാണ് റാണെയെ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴാച് റായ്ഗഢില്‍ ജന ആശീര്‍വാദ് യാത്രയില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു ഉദ്ധവിനെതിരെ റാണെയുടെ വിവാദ പരാമര്‍ശം. ഓഗസ്റ്റ് 15-ന് നടത്തിയ അഭിസംബോധനയ്ക്കിടെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച വര്‍ഷം ഉദ്ധവ് മറന്നുപോയെന്നും പ്രസംഗമധ്യേ ഇക്കാര്യം സഹായികളോടു ചോദിച്ചെന്നുമായിരുന്നു റാണെ പറഞ്ഞത്. ആ സമയം താന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ ഉദ്ധവിന്റെ കരണം നോക്കി ഒന്നുകൊടുത്തേനെ എന്നും റാണെ പറഞ്ഞിരുന്നു. ഈ പരാമര്‍ശമാണ് വിവാദമായത്.

ശിവസേനാ പ്രവര്‍ത്തകരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നാസിക് പോലീസ് റാണെയെ അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് പ്രശ്‌നങ്ങള്‍ സൃഷിക്കാനും സമാധാനാന്തരീക്ഷം തകര്‍ക്കാനുമാണ് റാണെയുടെ ശ്രമമെന്ന് ശിവസേന നേതാക്കളും ആരോപിച്ചിരുന്നു. അതേസമയം കേന്ദ്രമന്ത്രിയുടെ അറസ്റ്റ് രാജ്യത്തെ ഭരണഘടനാ മൂല്യങ്ങളുടെ ലംഘനമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ ആരോപിച്ചു.