സ്വര്‍ണക്കടത്ത് കേസ്, ദാവൂദ് ഇബ്രാഹിം സംഘത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് എൻഐഎ

സ്വര്‍ണക്കടത്ത് കേസില്‍ ദാവൂദ് ഇബ്രാഹിം സംഘത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് എൻഐഎ. പ്രതികളായ റമീസിനും ഷറഫുദീനും ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണം. ഇരുവരും ടാന്‍സാനിയയില്‍ നിന്ന് ആയുധം വാങ്ങാന്‍ ശ്രമിച്ചുവെന്നും എൻഐഎ ആരോപിക്കുന്നു. ദാവൂദ് സംഘത്തിലെ ഫിറോസ് ഒയാസിസിന്റെ പ്രവര്‍ത്തനം ടാന്‍സാനിയ കേന്ദ്രീകരിച്ചാണെന്നും പ്രതികള്‍ ഒന്നിച്ച്‌ ചേര്‍ന്നത് പുറമെ നിന്നുള്ള നിര്‍ദേശപ്രകാരമാണെന്നും എന്‍ഐഎ പറയുന്നു.

യുഎപിഎ ചുമത്തിയതിന് തെളിവായാണ് എൻഐഎ പുതിയ കണ്ടെത്തലുകള്‍ കോടതിയെ അറിയിച്ചത്. പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിന് തെളിവായാണ് എന്‍ഐഎ പുതിയ കണ്ടെത്തലുകള്‍ കോടതിയെ അറിയിച്ചത്. നേരത്തെ സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ തീവ്രവാദബന്ധം കോടതിയെ അറിയിച്ചിരുന്നു.

സ്വര്‍ണക്കടത്ത് വഴി സ്വരൂപിക്കുന്ന പണം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതായും, തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകളിലേക്ക് പണം എത്തുന്നതായും കഴിഞ്ഞയാഴ്ച എന്‍ഐഎ കോടതിയില്‍ വാദിച്ചിരുന്നു.അന്വേഷണസംഘത്തിന്റെ പിടിയിലുള്ള റമീസ് ആണ് സ്വര്‍ണക്കടത്തില്‍ മുഖ്യകണ്ണിയെന്നാണ് വിലയിരുത്തല്‍. കേരളത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകളിലേക്ക് സ്വര്‍ണക്കടത്തിലൂടെ ലഭിക്കുന്ന ഭീമമായ തുക എത്തുന്നതിന് തെളിവുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.