ഡീസല്‍ കാറുകള്‍ക്ക് പത്ത് ശതമാനം അധിക ജിഎസ്ടി ഈടാക്കണമെന്ന് നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി. ഡിസല്‍ കാറുകള്‍ക്ക് 10 ശതമാനം അധിക ജിഎസ്ടി ഈടാക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഡീസൽ കാറുകളുടെ എണ്ണം വർധിക്കുകയാണെന്നും പുറത്തിറങ്ങുന്ന കാറുകളുടെ എണ്ണത്തിൽ കുറവ് വരുത്തേണ്ടതുണ്ടെന്നും ഗഡ്കരി വ്യക്തമാക്കി.

അതേസമയം നികുതി വര്‍ദ്ധനവ് സംബന്ധിച്ച കാര്യങ്ങള്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്നും ഗഡ്കരി പറഞ്ഞു. 2014 മുതല്‍ ഡീസല്‍ കാറുകളുടെ നിര്‍മാണത്തില്‍ കുറവ് വന്നിട്ടുണ്ട്. മൊത്തം ഉദ്പാദനത്തിന്റെ 52 ശതമാനമായിരുന്നു 204 വരെ ഡീസല്‍ കാറുകളുടെ നിര്‍മാണം.

എന്നാല്‍ ഇപ്പോള്‍ ഇത് 18 ശതമാനമായി കുറഞ്ഞതായും അദ്ദേഹം പറഞ്ഞു. ഓട്ടോമൊബൈല്‍ വ്യവസായം വളരുന്ന സാഹചര്യത്തില്‍ ഡീസല്‍ വാഹനങ്ങള്‍ കൂടാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വളരെ അധികം മാലിന്യ പ്രശ്‌നം സൃഷ്ടിക്കുന്നതിനാല്‍ അതിന് 10 ശതമാനം നികുതി ചുമത്തണമെന്നാണ് താന്‍ ധനമന്ത്രിയോട് ആവശ്യപ്പെട്ടതെന്നും ഗഡ്കരി പറഞ്ഞു.