കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുവാന്‍ ബാധ്യതയില്ല; ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്‌റ്റേ

തിരുവനന്തപുരം. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള വിതരണത്തില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളവിതരണത്തിന് 103 കോടി രൂപ അനുവദിക്കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതാണ് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തത്.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുവാന്‍ ബാധ്യതയില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങാതെ ലഭിക്കണമെന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

കെഎസ്ആര്‍ടിസി ഒരു കോര്‍പറേഷന്‍ മാത്രമാണെന്നും അതിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുവാന്‍ ബാധ്യതയില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ നിയമ പ്രകാരം സ്ഥാപിച്ചതാണ് കെഎസ്ആര്‍ടിസി. മറ്റ് കോര്‍പറേഷന്‍, ബോര്‍ഡ് സ്ഥാപനങ്ങള്‍ക്ക് കൊടുക്കുന്ന പരിഗണനമാത്രമെ കെഎസ്ആര്‍ടിസിക്കും നല്‍കുവാന്‍ കഴിയുവെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.