നഴ്‌സായ അമ്മയെ അകലെ നിന്ന് കണ്ട് നിലവിളിച്ച് മകള്‍, നോവായി വീഡിയോ

കൊറോണ് വൈറസ് ഭീതി വിതച്ച് തുടങ്ങിയതോടെ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും ജനങ്ങള്‍ വീടുകളില്‍ ഒതുങ്ങി കൂടുകയാണ്. എന്നാല്‍ ഇതിന് കഴിയാത്തവരുമുണ്ട്. ഉറ്റവരെ പോലും വിട്ട് പിരിഞ്ഞ് നാടിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥരും ആരോഗ്യ പ്രവര്‍ത്തകരും. കുഞ്ഞ് മക്കളെ പോലും വീട്ടുകാരുടെ അരികില്‍ നിര്‍ത്തിയാണ് നഴ്‌സുമാര്‍ സമൂഹ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്നത്. ഇതിനിടെ കണ്ട് നിക്കുന്നവരുടെ ഉള്ളില്‍ വിവങ്ങലാവുക ആണ് നഴ്‌സായ അമ്മയെ അകലെ നിന്നു കൊണ്ട് കരഞ്ഞ് കൈവീശി കാണിച്ചും ഒരു കുഞ്ഞ് മകളുടെ വീഡിയോ.

കോവിഡ് 19ഉം ആയി ബന്ധപ്പെട്ട ഒരു ആഴ്ചത്തെ സേവനത്തിന് ശേഷം അതേ ആശുപത്രിയില്‍ കഴിയുന്ന അമ്മ സുഗന്ധ കോരിക്കോപ്പയും മകളുമാണ് ദൃശ്യത്തില്‍. സുഗന്ധ തന്റെ പൊന്നോമലിന് കണ്ടിട്ട് രണ്ട് ആഴ്ച ആയിരുന്നു. ഭക്ഷണം പോലും കഴിക്കാതെ, അമ്മയെ കാണണമെന്നു കുട്ടി പിടിവാശി പിടിച്ചതോടെ അച്ഛന്‍ ബൈക്കില്‍ ആശുപത്രിയിലെത്തിച്ചു. എന്നാല്‍, സഹപ്രവര്‍ത്തകര്‍ക്കൊപ്പം മാസ്‌ക് ധരിച്ച് ആശുപത്രിക്കു മുന്നില്‍ നിന്ന അമ്മയെ അകലെ നിന്നു കാണാനേ ആ കുഞ്ഞോമലിന് സാധിച്ചുള്ളൂ.

‘അമ്മേ, വാ’ എന്നു നിലവിളിച്ച് കരയുന്ന കുട്ടിയുടെയും നിറ കണ്ണുകളോടെ നിസ്സഹായയായി നില്‍ക്കുന്ന സുഗന്ധയുടെയും വിഡിയോ വൈറലാവുകയും ചെയ്തു. ബെളഗാവി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിന്നുള്ള വിഡിയോ ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി യെഡിയൂരപ്പ സുഗന്ധയെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിക്കുകയും അര്‍പ്പണ ബോധത്തെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

‘മകളെ പോലും കാണാനാകാതെ നിങ്ങള്‍ ജോലി ചെയ്യുന്നു. സഹകരിക്കുക. ഭാവിയില്‍ നിങ്ങള്‍ക്കു നല്ല അവസരങ്ങള്‍ ലഭിക്കും. ദൈവം അനുഗ്രഹിക്കട്ടെ.’ പിന്നീട് സുഗന്ധയെ അഭിസംബോധന ചെയ്തയച്ച കത്തില്‍, കോവിഡിനെ പ്രതിരോധിക്കാന്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ആരോഗ്യ(ആശ)പ്രവര്‍ത്തകരും പൊലീസും സര്‍ക്കാര്‍ ജീവനക്കാരും നടത്തുന്ന നിസ്വാര്‍ഥ സേവനത്തെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.