മുലകുടിക്കുന്ന കുഞ്ഞിനെ ഭര്‍ത്താവിന് ഒപ്പം വിട്ടാണ് ഡ്യൂട്ടിക്ക് ഇറങ്ങിയത്, കൊറോണ കാലത്തെ നഴ്‌സിന്റെ ജീവിതം

കണ്ണൂര്‍: കോറോണ വൈറസ് വ്യാപനം തടയാനായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഏവരും വീടുകളില്‍ ഒതുങ്ങി കൂടുകയാണ്. എന്നാല്‍ വീട്ടില്‍ പോലും ഇരിക്കാതെ സമൂഹ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്നവരാണ് സുരക്ഷ ഉദ്യോഗസ്ഥരും ആരോഗ്യ പ്രവര്‍ത്തകരും. മുലകുടിക്കുന്ന കുഞ്ഞിനെ ഭര്‍ത്താവിന് ഒപ്പം വിട്ടാണ് കൊട്ടിയൂര്‍ സ്വദേശിയായ നഴ്‌സ് ജീന്‍ മേരി ജോലി ചെയ്യുന്നത്. അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയില്‍ രണ്ടാഴ്ച മുമ്പാണ് ജീന്‍ മേരി ഭാഗമായി എത്തിയത്. 14 ദിവസത്തിന് ശേഷം ഇന്നലെയാണ് ജീന്‍ മേരി ആശുപത്രി വിട്ടിറങ്ങിയത്. എന്നാല്‍ ഇനിയും രണ്ടാഴ്ച നിരീക്ഷണത്തില്‍ കഴിയണം. പൊന്നോമനയായ മകനെ രണ്ടാഴ്ച കാണാനാകില്ലല്ലോ എന്ന സങ്കടത്തിലാണ് ജീന്‍.

അമ്മച്ചി എന്താ എന്നോടൊപ്പം കിടക്കാന്‍ വരാത്തത് എന്ന് എന്നും വിളിക്കുമ്പോള്‍ അവന്‍ ചോദിക്കും. അത് കേള്‍ക്കുമ്പോള്‍ സങ്കടം തോന്നും. കണ്ണ് നിറയും. ഞാനിവിടെ വന്നതിനു ശേഷം രാത്രി അവന്‍ ഉറങ്ങിയിട്ടില്ലെന്ന് സങ്കടമൊളിപ്പിച്ച കണ്ണുകളോടെ ജീന്‍ മേരി പറയുന്നു. ഇങ്ങനെ ഒക്കെ ആണെങ്കിലും ഒരു വലിയ ദൗത്യത്തിന്റെ ഭാഗമാവാന്‍ സാധിച്ചതിന്റെ സന്തോഷവും അഭിമാനവും ജീന്‍ മേരി മറച്ചു വെക്കുന്നില്ല.

രണ്ടും മൂന്നും വയസ്സുള്ള മക്കളും പ്രായമായ മാതാപിതാക്കളും വീടുകളില്‍ കാത്തിരിക്കുന്നവര്‍ ഒട്ടേറെ പേര്‍ വേറെയുമുണ്ട് മെഡിക്കല്‍ സംഘത്തില്‍. എന്നാല്‍ ആ പ്രയാസങ്ങളൊക്കെ അതിജീവിക്കാന്‍ ഈ കൊറോണ കാലം തങ്ങളെ പ്രാപ്തരാക്കിയതായും അവര്‍ പറയുന്നു.

മാര്‍ച്ച് 27 നാണ് അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയില്‍ മെഡിക്കല്‍ സംഘത്തിലെ ആദ്യ ബാച്ച് സേവനം തുടങ്ങിയത്. തൊട്ടുമുമ്പത്തെ ദിവസം പ്രത്യേക ഉത്തരവിലൂടെ ജില്ലാ കലക്ടര്‍ ഏറ്റെടുത്ത ആശുപത്രിയില്‍ ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുന്നതിലും ഇവര്‍ തന്നെയായിരുന്നു മുമ്പില്‍. അതിനു ശേഷമുള്ള 14 ദിവസങ്ങള്‍ ശരിക്കും പോരാട്ടത്തിന്റെത് ആയിരുന്നു. സ്വന്തത്തെ കുറിച്ചും സ്വന്തക്കാരെ കുറിച്ചുമുള്ള വേവലാതികളെല്ലാം മാറ്റിവച്ച് രോഗീപരിചരണത്തിനായി മാത്രം സമര്‍പ്പിച്ച ദിനരാത്രങ്ങള്‍.

ചെറിയൊരു അശ്രദ്ധ പോലും വന്‍ ദുരന്തത്തില്‍ കലാശിച്ചേക്കാമെന്ന ഭീതിക്കിടയിലും ആത്മവിശ്വാസത്തോടെയും ആത്മസമര്‍പ്പണത്തോടെയും തങ്ങളിലേല്‍പ്പിക്കപ്പെട്ട ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാനായതിന്റെ സന്തോഷത്തിലാണവര്‍. ഡോക്ടര്‍മാര്‍ മുതല്‍ ക്ലീനിംഗ് സ്റ്റാഫ് വരെയുള്ളവര്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചുവെന്നതാണ് വിജയരഹസ്യമെന്ന് അവര്‍ പറയുന്നു. ഏഴു ഡോക്ടര്‍മാര്‍, ഒരു ഹെഡ് നഴ്‌സ്, ഒന്‍പത് സ്റ്റാഫ് നഴ്‌സുമാര്‍, ഒന്‍പത് നഴ്‌സിംഗ് അസിസ്റ്റന്റുമാര്‍, അഞ്ചു ഡ്രേഡ്2 ജീവനക്കാര്‍, രണ്ട് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ഒരു ഫാര്‍മസിസ്റ്റ് എന്നിവരടങ്ങിയ സംഘമാണ് ഇന്നലെ വൈകുന്നേരത്തോടെ കണ്ണൂര്‍ നഗരത്തിലെ ക്ലൈഫോര്‍ഡ് ഹോട്ടലിലേക്ക് തിരിച്ചത്. ഇനിയുള്ള 14 ദിവസങ്ങള്‍ അവിടെ നിരീക്ഷണത്തില്‍ കഴിഞ്ഞ് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഉറപ്പു വരുത്തി വേണം വീട്ടിലേക്ക് മടങ്ങാന്‍.