പാലക്കാട് ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച കേസിൽ വയോധികന് 21 വര്‍ഷം തടവ്

പാലക്കാട്: ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച കേസിൽ വയോധികന് 21 വര്‍ഷം തടവിന് ശിക്ഷിച്ച് കോടതി. കൊഴിഞ്ഞാമ്പാറ സ്വദേശി ഗോവിന്ദ സ്വാമിയെയാണ് ശിക്ഷക്ക് വിധിച്ചത്. തടവ് ശിക്ഷയോടൊപ്പം 1,01,000 രൂപ പിഴയും കോടതി വിധിച്ചു.

പാലക്കാട് പോക്‌സോ കോടതി ജഡ്ജി ടി സഞ്ജുവിന്റേതാണ് വിധി. പിഴയടക്കാത്ത പക്ഷം 13 മാസം അധിക തടവ് അനുഭവിക്കേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാട്ടി. 2021-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കൊഴിഞ്ഞാമ്പാറ സിഐ പി അജിത്കുമാര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പിന്നീട് സിഐഎം. ശശിധരനാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. തുടർന്ന് പോക്സോ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി ശോഭനയാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.